സഞ്ജു സാംസൺ, രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭാ തെരഞ്ഞെടുപ്പിൽ സഞ്ജു ബിജെപി സ്ഥാനാർഥിയാകുമെന്ന മട്ടിലുള്ള അഭ്യൂഹങ്ങൾ അടുത്തിടെയായി പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്നോട് ആരും ചോദിച്ചിട്ടില്ല, എനിക്കൊന്നുമറിയില്ല എന്നാണ് രാജീവ് ചന്ദ്രശേഖർ മറുപടി നൽകിയത്. ഡൽഹിയിലെ വാർത്താസമ്മേളനത്തിലാണ് പ്രതികരണം.
സംസ്ഥാനത്തെ സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് ഈ മാസം തന്നെ അന്തിമരൂപമാകുമെന്നും 65-70 പേർ പട്ടികയിലുണ്ടായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
സെലിബ്രിറ്റി സ്ഥാനാർഥികളുടെ പട്ടികയിലാണ് സഞ്ജു സാംസൺ, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേരുണ്ടെന്ന അഭ്യൂഹമാണ് പടരുന്നത്.