സംഘനൃത്ത വേദിയിൽ നന്ദനത്തിലെ ബാലാമണിയും സൈക്കിളും; ബാലെയെന്നും സർക്കസെന്നും വിമർശനം
തൃശൂർ: സ്കൂൾ കലോത്സവ വേദികളിൽ വിദ്യാർഥികൾ വ്യത്യസ്തത കൊണ്ടു വരുന്നതിനുള്ള പ്രയത്നത്തിലാണ്. കഴിഞ്ഞ ദിവസം സംഘനൃത്തവേദിയിൽ നന്ദനം എന്ന സിനിമയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത നൃത്തം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നവ്യാ നായർ അവതരിപ്പിച്ച ബാലാമണിയെന്ന കഥാപാത്രമായുള്ള കുട്ടികളുടെ അഭിനയവും കോസ്റ്റ്യൂമുമെല്ലാം വലിയ രീതിയിൽ തന്നെ കൈയടി നേടി. വേദിയിൽ വലിയ പ്രോത്സാഹനമാണ് നൃത്തത്തിന് ലഭിച്ചതെങ്കിലും സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ നിരവധിയാണ്. സംഘനൃത്തമെന്ന പേരിൽ ബാലെയാണ് കുട്ടികൾ അവതരിപ്പിച്ചതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
കൂട്ടത്തോടെ നാടോടി നൃത്തം അവതരിപ്പിച്ചുവെന്നും സർക്കസാണെന്നും ചിലർ പരിഹസിക്കുന്നു. സിനിമയിൽ ബാലാമണിയെ സൈക്കിൾ ഇടിക്കുന്ന രംഗം പകർത്തുന്നതിനായി കുട്ടികളിലൊരാൾ വേദിയിലേക്ക് സൈക്കിൾ ചവിട്ടി എത്തിയിരുന്നു. കുട്ടികൾ പെട്ടെന്ന് വേദിയിൽ വച്ചു തന്നെ കോസ്റ്റ്യൂം മാറിയെത്തുന്നതും ശ്രദ്ധേയമായിരുന്നു.
ഈ രംഗങ്ങൾക്കും ഒരേ പോലെ അഭിനന്ദനവും വിമർശനവും ലഭിക്കുന്നുണ്ട്. നാളെ കുതിരയും ആനയും കാറുമൊക്കെ വേദിയിലെത്തുമോ എന്നും ചിലർ ചോദിക്കുന്നു. തിരുവനന്തപുരം കാർമൽ സ്കൂളിലെ കുട്ടികളാണ് ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നന്ദനത്തെ അവതരിപ്പിച്ചത്. ജോമറ്റ് അറയ്ക്കലാമ് കോറിയോഗ്രാഫി ചെയ്തത്.