തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തെത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മുൻ ആയ. ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയിലെ ആയമാർ സ്ഥിരമായി ഉപദ്രവിക്കുമെന്നും കുട്ടികളുടെ ജനനേന്ദ്രിയത്തിൽ ഉപദ്രവിക്കുന്നത് പതിവാണെന്നും പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുൻ ആയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പരാതി പറയുന്ന ആയമാർ ഒറ്റപ്പെടുമെന്നും ബന്ധപ്പെട്ടവരോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്നും ഇവർ പറയുന്നു.
തൈക്കാട് ശിശുക്ഷേമ സമിതി കേന്ദ്രത്തിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ശിശു ക്ഷേമസമിതി കേന്ദ്രത്തിലെ മൂന്ന് ആയമാരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത്. അറസ്റ്റിലായ അജിത, സിന്ധു, മഹേശ്വരി എന്നീ ആയമാർക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.
ഇപ്പോൾ കേസിൽ പ്രതികളായ ആയമാർ മുൻപും കുറ്റം ചെയ്തവരാണെന്നും ഇവരെ താൽക്കാലികമായി മാറ്റിയാലും പുനർനിയമനം നടക്കുമെന്നും മുൻ ജീവനക്കാരി പറയുന്നു. കുട്ടികളോട് ക്രൂരമായാണ് അറസ്റ്റിലായ ആയമാർ പെരുമാറിയിരുന്നത്. കിടക്കയിൽ പതിവായി മൂത്രമൊഴിക്കുന്ന കുട്ടിയെ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാന പ്രതിയായ അജിത കഴിഞ്ഞമാസം 24ന് ഒരു വിവാഹ വേദിയിൽ വച്ചാണ് ഒപ്പം ഉണ്ടായിരുന്ന സിന്ധു, മഹേശ്വരി എന്നിവരോട് പറയുന്നത്. എന്നാൽ സംഭവത്തെക്കുറിച്ചറിഞ്ഞിട്ടും ഇത് റിപ്പോർട്ട് ചെയ്യാൻ ഇവർ തയാറായില്ല. ഒരാഴ്ചയോളം വിവരം ഇവർ മറച്ചുവെച്ചു.
ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതും മറ്റും പ്രതികൾ ആയതുകൊണ്ട് വിവരം പുറത്ത് വരാൻ വൈകി. ഡ്യൂട്ടി മാറി പുതിയ ആയവന്ന് കുട്ടിയ കുളിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതും സ്വകാര്യ ഭാഗത്തെ മുറിവുകളടക്കം അധികൃതരോട് പറഞ്ഞതും. ക്രൂരമായി മുറിവേൽപ്പിച്ചിട്ടുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചതോടെ ശിശു ക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ പരാതിയിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിൽ മൂന്നു പ്രതികളും കുറ്റം സമ്മതിച്ചു. ബുധനാഴ്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ ശിശുക്ഷേമ സമിതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.