തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണക്കോടതി. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും കേരളം വിടരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് കോടതിയുടെ നടപടി. അന്വേഷണ ഉദ്യോഗസ്ഥരുമായി സിദ്ദിഖ് സഹകരിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. പരാതിക്കാരിയുമായി ബന്ധപ്പെട്ട ആരെയും കാണാന്‍ പാടില്ല, സമൂഹമാധ്യമങ്ങള്‍ വഴി പരാതിക്കാരിയെ അപമാനിക്കാന്‍ ശ്രമിക്കരുത്. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം. സുപ്രീംകോടതി വ്യവസ്ഥകള്‍ പാലിക്കണം എന്നീ നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.
അതേസമയം, സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് വീണ്ടും പൊലീസ് കോടതിയെ അറിയിച്ചു. പ്രതി അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കര്‍ശന വ്യവസ്ഥകള്‍ വേണമെന്നും പ്രോസ്‌ക്യൂഷന്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി, ഉടന്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.
അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരെ കേസെടുത്തത്. അതിജീവിതയായ നടി പരാതി നല്‍കിയത് 8 വര്‍ഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പരാതിയെ തുടര്‍ന്ന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവെച്ചിരുന്നു.