1.28 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ്
കൊച്ചി: കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) സംഘടിപ്പിച്ച സ്‌കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് സംസ്ഥാനത്ത് പുതിയതായി സൃഷ്ടിച്ചത് 1,28,408 തൊഴിലവസരങ്ങള്‍. വ്യവസായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണിത്.
കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്- 75,211, എയര്‍ കാര്‍ഗോ ഫോറം ഇന്ത്യ- 30,000, കെ-ഡിസ്‌ക്- 19,852, ഐസിടി അക്കാഡമി- 16,585, ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി-1,660 എന്നിങ്ങനെയാണ് ധാരണയായ തൊഴിലവസരങ്ങളുട കണക്ക്.
ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 57,578ഉം ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 34,349 ഉം ബിടെക് വിദ്യാർഥികള്‍ക്ക് 17,321ഉം ബിരുദധാരികള്‍ക്ക് 18,271 ഉം ഹെല്‍ത്ത്കെയര്‍ മേഖലയില്‍ 889ഉം വീതം തൊഴിലവസരങ്ങളാണ് ഉച്ചകോടിയിലൂടെ സൃഷ്ടിക്കപ്പെട്ടത്.
തൊഴില്‍ദാതാക്കള്‍ ആവശ്യപ്പെടുന്ന നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കിയ ഉദ്യോഗാർഥികളെയാകും ക്യാമ്പസുകളില്‍ നിന്ന് നിയമിക്കുക. ഇതിനു 10000 വനിതകള്‍ക്ക് തിരിച്ച് തൊഴില്‍രംഗത്തേക്ക് പ്രവേശിക്കാൻ പാകത്തിൽ പരിശീലനം നല്‍കാന്‍ വിമണ്‍ ഇന്‍ക്ലൂസീവ് ഇന്‍ ടെക്‌നോളജിയുമായി ധാരണാപത്രം ഒപ്പിട്ടു.
ഓട്ടോമേറ്റീവ് റിസര്‍ച്ച് അസോസിയേഷന്‍ ഒഫ് ഇന്ത്യയുമായും കാഡര്‍ ഓട്ടിസം സെന്‍ററുമായും വിവിധ മേഖലകളിലെ നൈപുണ്യ പരിശീലനത്തിനും ധാരണാപത്രം ഒപ്പുവെച്ചു. ആറു മാസത്തിനുള്ളില്‍ 3.5 ലക്ഷം വിദ്യാര്‍ഥികള്‍ക്കും മൂന്നു ലക്ഷം വീട്ടമ്മമാര്‍ക്കും രണ്ട് ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്കും ഉള്‍പ്പെടെ പത്തുലക്ഷം പുതിയ ജോലികൾ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം.