മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ
വാർത്താ സമ്മേളനത്തിൽ നിന്ന്
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിന്‍റെ മുറിയിൽ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ നിന്നും കണ്ടെത്തിയെന്നും മെഡിക്കൽ കോളെജ് സുപ്രണ്ട് ഡോ. പി.കെ. ജബ്ബാർ. കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്കോപ്പ് ഹാരിസിന്‍റെ മുറിയിൽ നിന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇതിൽ വ്യക്തത കുറവുണ്ട്. ഉപകരണം പുതിയതാണോ എന്ന് പരിശോധിക്കണം, മാത്രമല്ല, ഹാരിസിന്‍റെ മുറിയിൽ ആരോ കയറിയതായി സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹാരിസിന്‍റെ മുറിയിൽ മൂന്നു തവണയാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ല. സർജിക്കൽ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാൽ സർജിക്കൽ, ടെക്നിക്കൽ ടീമുമായി വീണ്ടും പരിശോധന നടത്തി. അതിലാണ് ഒരു പെട്ടി കണ്ടെത്തിയത്.
കൊറിയർ ബോക്സിന് സമാനമായ പെട്ടി തുറന്നപ്പോൾ അതിൽ ഉപകരണം കണ്ടെത്തി. അതിനൊപ്പമുണ്ടായിരുന്ന പേപ്പറിൽ മോസിലോസ്കോപ്പ് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായ ബില്ലിൽ ഓഗസ്റ്റ് 2 എന്ന തീയതിയും ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഹാരിസിന്‍റെ മുറിയിൽ ആരോ കയറിയതായി സംശയമുണ്ടായി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് വ്യക്തമായി. ചില അടയാളങ്ങൾ കണ്ടിരുന്നു. അവ്യക്തത നീക്കാൻ കൃത്യമായ അന്വേഷം വേണമെന്നും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.