കൊച്ചി: സംസ്ഥാനത്ത് റാഗിങ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കേസുകൾ പരിഗണിക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകി. നിയമ സേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്‍റെ നടപടി.
അടുത്തിടെ ഉണ്ടായ ഗുരുതര റാഗിങ് കേസുകളിൽ സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടില്ലെന്ന് നിയമ സേവന അതോറിറ്റി കോടതിയിൽ വിമർശിച്ചു. റാഗിങ് തടയാൻ ശക്തമായ നടപടി വേണം. സംസ്ഥാന ജില്ലാ തലങ്ങളിൽ ശക്തമായ നിരീക്ഷണ സംവിധാനം ഉണ്ടാവണമെന്നും നിയമ സേവന അതോറിറ്റി വ്യക്തമാക്കി.
റാഗിങ് സെല്ലുകൾ രൂപീകരിക്കാൻ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കാൻ നിർദേശം നൽകണം. സ്കൂളുകളിലും കോളെജുകളിലും റാഗിങ് വിരുദ്ധ സ്ക്വാഡുകൾ രൂപീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,സർക്കാർ വകുപ്പുകൾ എന്നിവ സംസ്ഥാന തല നിരീക്ഷക സമിതി മുൻപാകെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിയമ സേവന അതോറിറ്റി ഹർജിയിൽ ആവശ്യപ്പെടുന്നു.