തിരുവനന്തപുരം: എബിവിപി സംഘടിപ്പിച്ച രക്തദാന ക‍്യാംപിൽ പങ്കെടുക്കാത്തതിന് വിദ‍്യാർഥിക്ക് ക്രൂര മർദനം. തിരുവനന്തപുരം ധനുവച്ചപുരത്താണ് സംഭവം. വിടിഎം എൻഎൻഎസ് കോളെജിലെ ബിഎ രണ്ടാം വർഷ വിദ‍്യാർഥിയായ അദ്വൈതിനാണ് മർദനമേറ്റത്.
രണ്ട് ദിവസം മുൻപ് കോളെജിൽ വച്ച് മൂന്ന് പേർ അദ്വൈതിനെ അടുത്തേക്ക് വിളിച്ച് രക്തദാന ക‍്യാംപ് നടക്കുന്ന കാര‍്യവും രക്തം നൽകണമെന്നും പറഞ്ഞിരുന്നു. എന്നാൽ താൻ രക്തം കൊടുത്തിട്ട് ഒന്നര മാസം ആയിട്ടേയുള്ളൂ എന്നും, അതിനാൽ ഇപ്പോൾ നൽകാനാവില്ലെന്നും മറുപടി പറഞ്ഞു.
പിന്നാലെ മൂന്ന് വിദ‍്യാർഥികൾ ചേർന്ന് അദ്വൈതിനെ റൂമിലേക്ക് കൊണ്ടുപോയി. ''നിനക്ക് തടിയൊക്കെ ഉള്ളതല്ലേ നീ പോയി രക്തം കൊടുക്ക്, ചത്തൊന്നും പോവില്ല'' എന്നു പറഞ്ഞ് നിർബന്ധിച്ചു.
എന്നാൽ, രക്തം കൊടുക്കാനാവില്ലെന്ന് പറഞ്ഞതോടെ മറ്റ് കുട്ടികളുടെ മുന്നിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അദ്വൈത് പറഞ്ഞു. ആദ‍്യം മുഖത്ത് അടിക്കുകയും പിന്നീട് ചെവിയിലും കഴുത്തിലും പുറത്തുമെല്ലാം തല്ലിയെന്നും അദ്വൈത്. ഗുരുതരമായി പരുക്കേറ്റ വിദ‍്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.