file image
ന്യൂഡൽഹി: ടിപി വധക്കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷയിൽ മൗനം പാലിച്ച് സംസ്ഥാന സർക്കാർ. ജാമ്യ വ്യവസ്ഥയിൽ നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് കെ.കെ. രമ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്.
അതേസമയം, ജാമ്യത്തെ എതിർത്ത് സത്യവാങ്മൂലം ഫയൽ ചെയ്യാൻ കെ.കെ. രമയ്ക്ക് കോടതി അനുമതി നൽകി. ജ്യോതി ബാബുവിന്‍റെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാവും പരിഗണിക്കുക. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ ഫയൽ ചെയ്തത്.
ഇതിനെതിരേ സർക്കാർ നിലപാടറിയിക്കണമെന്നാണ് കെ.കെ. രമയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകരാരും കോടതിയിൽ ഹാജരായിരുന്നില്ല. സ്റ്റാന്‍റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് ഹാജകായത്. എന്നാൽ ജാമ്യത്തെ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല. തുടർന്നാണ് തിങ്കളാഴ്ച പരിഗണിക്കാനായി കോടതി കേസ് മാറ്റിയത്.