പടക്കം പൊട്ടിച്ച് വിവാഹാഘോഷം; നവജാത ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നം 
Kerala

പടക്കം പൊട്ടിച്ച് വിവാഹാഘോഷം; നവജാത ശിശുവിന് ഗുരുതര ആരോഗ്യപ്രശ്നം

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്.

കണ്ണൂർ: വിവാഹ ആഘോഷത്തിനിടെ ഉഗ്ര ശേഷിയുളള പടക്കം പൊട്ടിച്ചതിന്‍റെ ശബ്ദം കാരണം 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം. തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ് - റഫാന ദമ്പതികളുടെ കുഞ്ഞാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.

സമീപത്തെ വീട്ടിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ഒപ്പം ബാൻഡ് വാദ്യവും ഉണ്ടായിരുന്നു. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്നാണ് ആദ്യം കരുതിയെതെന്നും, പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നുമാണ് കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞത്. ‌

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ ശബ്ദത്തിലുള്ള പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെത്തുടർന്ന് കുഞ്ഞിന്‍റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്.

തിങ്കളാഴ്ച കല്യാണ ദിവസം വരൻ ഇറങ്ങുന്ന സമയത്തും തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയിൽ വലിയ പടക്കങ്ങൾ പൊട്ടിച്ച് ആഘോഷമുണ്ടായി. വൻ പൊട്ടിത്തെറിയാണ് ഈ സമയത്തും ഉണ്ടായത്. ശബ്ദം കേട്ടതിനു പിന്നാലെ വീണ്ടും കുഞ്ഞിന്‍റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി. കാലിന് അടിയിൽ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും.

ഈ സമയത്താണ് കുഞ്ഞിന് കൂടുതൽ പ്രശ്നങ്ങളുണ്ടായത്. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ സ്പെഷ്യൽ ഓഫർ

ഓണത്തിരക്ക്: മലയാളികൾക്കു വേണ്ടി കർണാടകയുടെ പ്രത്യേക ബസുകൾ

ധർമസ്ഥല ആരോപണം: എൻജിഒകൾക്കെതിരേ ഇഡി അന്വേഷണം

കെ-ഫോൺ മാതൃക പിന്തുടരാൻ തമിഴ് നാട്