കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി റൈസില്‍ അവസാന നിമിഷം പിന്‍വാങ്ങേണ്ടി വന്ന കെസി വിഭാഗത്തിന്‍റെ വിഡി മന്ത്രിസഭയില്‍ കെസി വിഭാഗത്തിന്‍റെ അപ്രമാദിത്വമാണ് വിഡി മന്ത്രിസഭയിലുള്ളത്. 20 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും അടങ്ങുന്നതാണ് മന്ത്രിസഭ. അതില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരാണ്. ഇതില്‍ 8 മന്ത്രിമാരാണ് കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്നത്. ഷാനിമോള്‍ ഉസ്മാന്‍ വിഡി പക്ഷത്ത് നിലയുറപ്പിച്ച നേതാവാണ്. മന്ത്രിസ്ഥാനം ആഗ്രഹിച്ചെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ പദവികൊണ്ട് സംതൃപ്തപ്പെടേണ്ടി വന്നു. എന്നാല്‍ ഷാനിമോള്‍ ഉസ്മാനെക്കാള്‍ ജൂനിയറായ ബിന്ദുകൃഷ്ണ മന്ത്രിസ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
കെ.സി. വേണുഗോപാല്‍ പക്ഷത്ത് നിന്ന് മന്ത്രിസ്ഥാന മോഹവുമായി വിഡി ഗ്രൂപ്പിലേക്ക് പെടുന്നനെ കാലുമാറിയ വിടി ബല്‍റാമിനും നിരാശയാണ് ഫലം. മന്ത്രി ബെര്‍ത്ത് ഉറപ്പിക്കാന്‍ അവസാനം വരെ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം പാലക്കാട് നിന്ന് കെഎ തുളസിയെ മന്ത്രിസഭയില്‍ എത്തിച്ചതിലൂടെ ജില്ലയുടെ പ്രാതിനിധ്യവും വനിതാ, പിന്നോക്ക പരിഗണനകളും ഉള്‍ക്കൊള്ളാന്‍ സാധിച്ചു. ചാണ്ടി ഉമ്മനും സാമുദായിക വിഷങ്ങള്‍ പരിഗണിക്കപ്പെട്ടപ്പോള്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
ടി. സിദ്ധിഖിനെ ഒഴിവാക്കാന്‍ വിഡി, ആര്‍സി പക്ഷം ഒരുമിച്ച് നീങ്ങിയെങ്കിലും അത് ഫലം കണ്ടില്ല. പകരം ഹൈക്കമാന്‍ഡിന്‍റെ അപ്രതീക്ഷിത ഇടപെടലിലൂടെ കെസി വേണുഗോപാല്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രാതിനിധ്യം ടി.സിദ്ധിഖിലൂടെ ഉറപ്പാക്കി. തുടക്കം മുതല്‍ വിഡി പക്ഷത്ത് നിലയുറപ്പിച്ച കെ.മുരളീധന് വൈദ്യുതി വകുപ്പ് മാത്രം കിട്ടിയതില്‍ കടുത്ത അമര്‍ഷത്തിലാണ്.ആരോഗ്യ വകുപ്പിന് വേണ്ടി സമ്മര്‍ദ്ധം ചെലുത്തിയെങ്കിലും കെസി വിഭാഗക്കാരാനായ എ.പി. അനില്‍കുമാറിനാണ് അത് ലഭിച്ചത്.
കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, എഐസിസി സെക്രട്ടറി റോജി എം ജോണ്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍,ബിന്ദു കൃഷ്ണ,എം ലിജു,ടി സിദ്ധിഖ്, ഒ.ജെ. ജനീഷ് എന്നിവരാണ് കെസി വിഭാഗത്തില്‍ നിന്നും മന്ത്രിയായത്.
വമ്പന്‍ സര്‍പ്രൈസുകളായാണ് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ദിഖും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ.ജെ. ജനീഷും അങ്കമാലി എംഎല്‍എ റോജി എം ജോണും മന്ത്രി പട്ടികയിലേക്കെത്തിയത്. ഇവരുടെ മന്ത്രിസഭാ പ്രവേശനം ആരും പ്രതീക്ഷിച്ചതല്ല. തുടക്കം മുതല്‍ ഇവരുടെ പേരുകള്‍ സാധ്യതാ പട്ടികയില്‍ മാത്രമാണുണ്ടായിരുന്നത്. ഒ.ജെ. ജനീഷ് ഈ ചര്‍ച്ചകളില്‍ ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പദം നഷ്ടമായതിന്‍റെ ക്ഷീണം ഇതിലൂടെ കെസി വിഭാഗത്തിന് നികത്താന്‍ കഴിഞ്ഞെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്.