അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍ 
Kerala

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍

വീഴ്ചയിൽ സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ​

തിരുവനന്തപുരം: അങ്കണവാടിയിൽ വീണതിനെ തുടർന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെൽപ്പറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

മാറനല്ലൂർ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വീണതിനെ തുടർന്ന് ഗുരുതര പരുക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു.

വ്യാഴാഴ്ച വൈഗ വീട്ടിൽ എത്തിയ ഉടനെ നിർത്താതെ കരയുകയും ഛർദിക്കുകയും ചെയ്തു. ഇതേ അങ്കണവാടിയിൽ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയിൽ തലയുടെ പിറകിൽ കഴുത്തിനോട് ചേർന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. പിന്നീട് വീടിന് സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്എടിയിലേക്ക് മാറ്റിയത്. വീഴ്ചയിൽ സുഷുമ്നാ നാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ​

ഉടൻ രക്ഷിതാക്കൾ അധികൃതരുമായി ബന്ധപ്പെട്ടു. വീണ വിവരം അറിയിക്കാൻ മറന്നുപോയെന്നായിരുന്നു അധികൃതർ നൽകിയ മറുപടിയെന്ന് കുടുംബം ആരോപിക്കുന്നു. കുട്ടി ക്ലാസിൽ വീണിരുന്നുവെന്നും എന്നാൽ അങ്കണവാടിയിൽ വെച്ച് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നുവെന്നും ആയിരുന്നു അങ്കണവാടി അധ്യാപികയുടെ മറുപടി.

മാറനല്ലൂർ പഞ്ചായത്തിലെ ഓഫിസ് വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ആറ് കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. ഇവരെ പരിചരിക്കാൻ ആയയും അധ്യാപികയുമുണ്ട്. അങ്കണവാടിയിൽ വെച്ച് വൈഗ വീണപ്പോൾ വേണ്ട പരിചരണം നൽകുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. ​സംഭവത്തിൽ അങ്കണവാടിഅധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ