അഡ്വ. ബിജു ഉമ്മൻ, അറസ്റ്റിലായ കന്യാസ്ത്രീകൾ
കോട്ടയം: ഉത്തരേന്ത്യയിൽ പീഡനവും കേരളത്തിൽ പ്രീണനവും എന്നതാണ് നിലവിലെ സാഹചര്യമെന്ന് മലങ്കര ഓർത്തഡോക്സ് സഭ. ഛത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ സ്വഭാവമുള്ള ചില മത സംഘടനകൾ പൊലീസിന്‍റെ സാന്നിധ്യത്തിൽ നിയമം കൈയിലെടുത്ത് കന്യാസ്ത്രീകളുടെ നേരെ നടത്തിയത് കയ്യേറ്റ ശ്രമമാണ്. നിയമവാഴ്ചയില്ലാത്ത ഒരു സാഹചര്യമാണോ ആ സംസ്ഥാനത്തുളളതെന്നു പോലും ആശങ്കപ്പെടുന്നു. യാതൊരു മനസ്സാക്ഷിയുമില്ലാത്ത നടപടിയാണ് ഉണ്ടായിട്ടുള്ളത്.
ഇത് തിരിച്ചറിയുവാൻ ശക്തിയുള്ളവരാണ് ഇന്ത്യയിലെ എല്ലാ ആളുകളും, പ്രത്യേകിച്ച് മലയാളികളെന്നും ബിജു ഉമ്മൻ ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പോരാട്ടവും പ്രക്ഷോഭവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.