ഇടുക്കി: മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ കോളെജ് വിദ‍്യാർഥിനി മരിച്ചു. പരുക്കേറ്റ അധ‍്യാപകയുടെ നില ഗുരുതരമായി തുടരുകയാണ്. കന‍്യാകുമാരിയിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ കോളെജ് വിദ‍്യാർഥികളുടെ ബസാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിലെ മാട്ടുപ്പെട്ടിയിൽ വച്ചാണ് അപകടമുണ്ടായത്.
40 ഓളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മറ്റുള്ളവരുടെ ആരോഗ‍്യനില ഗുരുതരമല്ലെന്നാണ് വിവരം. കേരള രജിസ്ട്രേഷനുള്ള ബസാണ് കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെ എക്കോ പോയിന്‍റിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.