Kerala

അരിക്കൊമ്പനെ കാടുകടത്തിയത് ശാശ്വത പരിഹാരമല്ല

#അജയൻ

കൊച്ചി: അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്കു മാറ്റിയ നടപടി പല ധാർമിക പ്രശ്നങ്ങൾക്കും വഴി തെളിച്ചു. ഒരാനയെ അതിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽനിന്നു ബലമായി മാറ്റുന്നതു സംബന്ധിച്ചായിരുന്നു അതിലൊന്ന്. ഇതുകൊണ്ടൊന്നും ചിന്നക്കനാലുകാർ നേരിടുന്ന വന്യമൃഗ 'ശല്യ'ത്തിനു പരിഹാരമാകില്ലെന്നതാണ് വസ്തുത.

അരിക്കൊമ്പനെതിരേ ചിന്നക്കനാലിലും പിന്നീട് പറമ്പിക്കുളത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ അവിടെയും ഉയർന്ന ജനകീയ പ്രതിഷേധങ്ങൾക്കു സമാനമായിരുന്നു അരിക്കൊമ്പൻ ഉൾപ്പെട്ടിരുന്ന ആനക്കൂട്ടം ചിന്നക്കനാലിൽ നടത്തിയ 'പ്രതിഷേധവും' എന്നു വേണം കരുതാൻ.

ഇവിടത്തെ ആനക്കൂട്ടം ജനവാസ മേഖലകളിൽ ആക്രമണം തുടരുമോ എന്നു പറയാറായിട്ടില്ലെങ്കിലും അതിനുള്ള സാധ്യതകൾ എഴുതിത്തള്ളാൻ കഴിയില്ലെന്നാണ് ഒരു മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ മെട്രൊ വാർത്തയോടു പറഞ്ഞത്.

അരിക്കൊമ്പൻ എന്ന 'പ്രശ്ന'ത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. താത്കാലികം മാത്രം. 301 കോളനി ഉൾപ്പെടുന്ന മേഖല ആനത്താരയായതിനാൽ അവനെപ്പോലുള്ള കൂടുതൽ ആനകൾ ജനവാസ മേഖലകളിലേക്കിറങ്ങാവുന്നതാണ്.

'ഈ ഭൂമി മനുഷ്യർക്കു വേണ്ടി മാത്രമുള്ളതാണോ എന്നാണ് ആദ്യം തീരുമാനിക്കേണ്ടത്. ആണെങ്കിൽ മനുഷ്യവാസ മേഖലകളിൽനിന്ന് വന്യമൃഗങ്ങളും മരങ്ങളുമെല്ലാം അപ്രത്യക്ഷമാകാം. എന്നാൽ, മനുഷ്യന്‍റെ നിലനിൽപ്പ് പോലും കാടുകളെ ആശ്രയിച്ചാണിരിക്കുന്നത്', മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

മൃഗങ്ങളുടെ വീടാണ് കാട്, അവിടെ അതിക്രമിച്ചു കയറിയത് മനുഷ്യരാണെന്നും അദ്ദേഹം പറയുന്നു. സെറ്റിൽമെന്‍റുകളായും റോഡുകളായും റിസോർട്ടുകളായുമെല്ലാം ഈ അതിക്രമം കാലങ്ങളായി തുടരുകയാണ്. അങ്ങനെ മൃഗങ്ങളുടെ ആവാസവ്യവസ്ഥ ശോഷിക്കുകയും ചെയ്യുന്നു. ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ തമ്മിൽ സന്തുലനമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫെൻസുകൾ സ്ഥാപിക്കുന്നതും മൃഗങ്ങളെ കാട് മാറ്റി വിടുന്നതുമെല്ലാം ഹ്രസ്വകാല പരിഹാരങ്ങളാണ്. കൂടുതൽ മൃഗങ്ങൾ അവിടെ തന്നെ തുടരുന്നതിനാൽ ഇത് ശാശ്വത പരിഹാരം നൽകുന്നില്ല.

വനഭൂമി വീണ്ടെടുക്കുക എന്നതാണ് ദീർഘകാല പരിഹാരം. മനുഷ്യരെ ഫലപ്രദമായി മാറ്റിപ്പാർപ്പിക്കുകയും, റോഡ്, റിസോർട്ട് തുടങ്ങി കാട്ടിലെ മാനുഷിക ഇടപെടലുകൾ അവസാനിപ്പിക്കുകയും വേണം. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് വികേന്ദ്രീകൃതമായ തന്ത്രങ്ങൾ ആവിഷ്കരിക്കണം. വനം വകുപ്പിനു സാങ്കേതിക സഹായം നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

സെറ്റിൽമെന്‍റുകളും റോഡ് ശൃംഖലകളും കാരണം ചിന്നക്കനാൽ മേഖലയിലെ ആനകൾക്ക് മറ്റെവിടേക്കും പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് അവിടെ പ്രവർത്തിച്ചിടുള്ള ഒരു ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു. സംരക്ഷിത മേഖലകളായ ആനമലയ്ക്കും ചിന്നാറിനുമിടയിൽ ആനകൾ സഞ്ചരിച്ചിരുന്ന പാതയാണ് ഇപ്പോൾ ഇത്തരത്തിൽ തടസപ്പെട്ടിരിക്കുന്നത്.

കൂട്ടത്തോടെ ദീർഘദൂരം യാത്ര ചെയ്യുന്ന പതിവുണ്ട് ആനകൾക്ക്. എന്നാൽ, ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേക്ക് തമിഴ്നാട് വഴിയുള്ള യാത്ര ഇപ്പോൾ ഏറെക്കുറെ അസാധ്യമാണ്. ഇടയിലൂടെ കടന്നുപോകുന്ന ദേശീയ പാതയും മറ്റു റോഡുകളുമാണ് കാരണം. ഇതുകാരണമാണ് ഇരുപത്തഞ്ചോളം ആനകൾ ചിന്നക്കനാൽ മേഖലയിൽ കുടുങ്ങിപ്പോയത്. ആ പ്രദേശത്തും അവരുടേതെന്നു പറയാവുന്ന പ്രദേശം ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. ഇവിടെനിന്ന് മനുഷ്യരെ മാറ്റിപ്പാർപ്പിക്കുകയും, മൃഗങ്ങളുടെ സഞ്ചാരപാത അവർക്കായി വിട്ടുകൊടുക്കുകയും ചെയ്യുക മാത്രമാണ് ശാശ്വത പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച മധ്യവയസ്കന് സൂര്യാഘാതമേറ്റു

6 വയസുകാരിയെ പീഡിപ്പിച്ച അച്ഛന് 3 ജീവപര്യന്തം തടവും പിഴ‍യും

ഡൽഹിയിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്; ഉറവിടം കണ്ടെത്തി

അശ്ലീല വീഡിയോ കേസ്: പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണം

തമിഴ്നാട്ടിൽ കരിങ്കൽ ക്വാറിയിൽ സ്ഫോടനം; 4 മരണം