തിരൂർ: പി.വി. അൻവറിനൊപ്പം പാണക്കാടെത്തി തൃണമൂൽ കോൺഗ്രസ് നേതാക്കൾ. ദേശീയ നേതാക്കളായ എംപി മഹുവ മൊയിത്ര, ഡെറിക് ഒബ്രിയാൻ എന്നിവരാണ് പാണക്കാട്ടെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരി 27ന് യുഡിഎഫ് യോഗം നടക്കുന്ന സാഹചര‍്യത്തിൽ അൻവറിന്‍റെയും തൃണമൂലിന്‍റെയും മുന്നണി പ്രവേശനം ചർച്ച ആയെന്നാണ് വിവരം. അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതിന് പിന്നാലെ നിലമ്പൂർ നിയമസഭാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര‍്യം കൂടി മുന്നിലുണ്ട്. എംഎൽഎ സ്ഥാനം രാജി വച്ചതിന് ശേഷം രണ്ടാം തവണയാണ് അൻവർ പാണക്കാട് എത്തുന്നത്.
തൃണമൂൽ എംപിമാർ അവരുടെ പാർട്ടി പരിപാടിക്കായി വന്നതാണ്. മലപ്പുറത്തെത്തിയപ്പോൾ പാണക്കാട് എത്താൻ അവർ ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. എന്നാൽ സൗഹൃദ കൂടിക്കാഴ്ചയാണ് നടന്നതെന്നും പാണക്കാട് തങ്ങൾ പ്രതികരിച്ചു.