ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം
കോതമംഗലം: മൂവാറ്റുപുഴ ഗവ. ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്തത് ആൺ സുഹൃത്ത് മതപരിവർത്തനത്തിന് നിർബന്ധിച്ചതിനെ തുടർന്നല്ലെന്ന് കുറ്റപത്രം. സുഹൃത്ത് ബന്ധത്തിൽ നിന്നു പിന്മാറിയതിന്‍റെ നിരാശയിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. റമീസിനെതിരേ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതുൾപ്പെടെയുളള വകുപ്പകളായിരുന്നു ചുമത്തിയത്.
ആഗസ്റ്റ് 9-നാണ് കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്‍റെ മകൾ സോനയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റമീസിനെ പൊലീസ് അറസ്റ്റ് ചെയിതിരുന്നത്.
റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നു എന്നും, രജിസ്റ്റർ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും, പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിൽ പറഞ്ഞിരുന്നത്. വീട്ടിൽ കൊണ്ടു പോയി പൂട്ടിയിട്ട് സോനയെ റമീസും കുടുംബാംഗങ്ങളും മർദിച്ചുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞിരുന്നു. മതം മാറ്റത്തിന് സമ്മതിച്ച തന്നോട് ക്രൂരത തുടർന്നെന്നും പെൺകുട്ടിയുടെ കുറിപ്പിലും വ്യക്തമാകുന്നുണ്ട്.
കോളെജ് കാലത്താണ് ഇരുവരും പ്രണയത്തിലായത്. പിന്നീട് വിവാഹമാലോചിച്ച് റമീസിന്‍റെ വാപ്പയും ഉമ്മയും വീട്ടിൽ വന്നു. കല്യാണം കഴിക്കണമെങ്കിൽ മതം മാറണമെന്നും ഇല്ലെങ്കിൽ പള്ളിയിൽ നിന്നു പുറത്താക്കുമെന്നും പറഞ്ഞു. മതം മാറാമെന്ന് സോന അവരോട് പറഞ്ഞു. ഈ സമയം പിതാവ് എൽദോസ് മരിച്ച് 40 ദിവസം കഴിഞ്ഞതേയുള്ളൂ. ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങൾ പറഞ്ഞതായി സോനയുടെ സഹോദരൻ പറഞ്ഞു.
ഇതിനിടെ റമീസിനെ ഇമ്മോറൽ ട്രാഫിക്കിന് ലോഡ്ജിൽ നിന്നുപിടിച്ചു. എന്നിട്ടും അവൾ ക്ഷമിച്ചു. ഇനി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് അവൾ റമീസിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു വീട്ടിൽ പോയി. അവിടെ നിന്നു റമീസ് സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ കുടുംബക്കാരും കൂട്ടുകാരും ഉണ്ടായിരുന്നു.
സോനയെ റൂമിൽ പൂട്ടിയിട്ട് മർദിച്ചു. മാനസികമായും പീഡിപ്പിച്ചു. മതം മാറാൻ പൊന്നാനിയിലേക്ക് പോകാൻ വണ്ടി റെഡിയാക്കി നിർത്തിയേക്കുന്നുവെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. എന്നാൽ അപ്പോൾ മതം മാറാൻ പറ്റില്ലെന്ന് അവൾ പറഞ്ഞു. നീ മരിക്കെന്ന് റമീസ് അവളോട് പറഞ്ഞു. മതം മാറാൻ നിർബന്ധിച്ചുവെന്ന് എഴുതി വച്ചാണ് അവൾ ജീവനൊടുക്കിയതെന്ന് സഹോദരൻ പറഞ്ഞു.