പ്രതീകാത്മക ചിത്രം.
Freepik.com
കാലവർഷം എത്തിയിരിക്കുന്നു, പക്ഷേ കേരളത്തിന് അത് അറിയാൻ പോലുമായിട്ടില്ല. വർഷപാതം സമൃദ്ധമായി പെയ്യേണ്ട ജൂൺ മാസം 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പിന്നിൽ എൽ നിനോയുടെ വലിയ സ്വാധീനിവും കാലാവസ്ഥയിലെ അനിശ്ചിതത്വത്തിന്‍റെ വർധിച്ചുവരുന്ന വെല്ലുവിളിയുമുണ്ട്. ജലം, വൈദ്യുതി, കൃഷി എന്നീ മേഖലകളിലെ ദുർബലതകളാണ് ഇതോടെ വെളിപ്പെടുന്നത്.
അജയൻ
ഇനിയും ശക്തി പ്രാപിക്കാൻ സാധ്യതയുള്ള എൽ നിനോ പിടിമുറുക്കുകയാണ്. തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന കേരളത്തിലെ മഴയുടെ കുറവ് നൽകുന്ന സൂചന അതാണ്. മൺസൂണിന്‍റെ ആദ്യ മാസത്തിൽ കേരളം 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്; കാലാവസ്ഥാ ശാസ്ത്രജ്ഞർ അസാധാരണമെന്നു വിശേഷിപ്പിക്കുന്ന ഒരു പ്രതിഭാസമാണിത്.
ജൂൺ 1 മുതൽ 30 വരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട 648.2 മില്ലീ മീറ്റർ മഴയ്ക്കു പകരം ലഭിച്ചത് 427.3 മില്ലീമീറ്റർ മഴയാണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും മഴ കുറവായിരുന്നു. സംസ്ഥാനത്തെ പ്രധാന ജലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന മലയോര മേഖലകളായ വയനാട്ടിലും (68%) ഇടുക്കിയിലുമാണ് (54%) മഴ ഏറ്റവും കുറഞ്ഞത്.
എന്നാൽ, ജലസംഭരണികളിൽ വെള്ളം കുറഞ്ഞത് ജലവൈദ്യുതി ഉത്പാദനത്തെ ബാധിച്ചതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ പറയുമ്പോൾ, ഈ വിശദീകരണം പൂർണമായും വിശ്വസനീയമല്ല. കേരളത്തിന്‍റെ വൈദ്യുതി ആവശ്യത്തിന്‍റെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ജലവൈദ്യുതിയിലൂടെ നിറവേറ്റപ്പെടുന്നത്; പതിറ്റാണ്ടുകൾക്ക് മുൻപ് ഇത് 50 ശതമാനത്തോളം ആയിരുന്നു. വൈദ്യുതി ഉപയോഗം സ്ഥിരമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജലവൈദ്യുതിയെ സംസ്ഥാനത്തിന്‍റെ പ്രധാന ഊർജസ്രോതസായി കണക്കാക്കുന്നത് ക്രമേണ അസാധ്യമായി മാറുന്നു.
മധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്‍റെ അസാധാരണമായ താപനം അടയാളപ്പെടുത്തുന്ന എൽ നിനോ, തെക്ക്-പടിഞ്ഞാറൻ മൺസൂണിനെ നയിക്കുന്ന അന്തരീക്ഷ ചംക്രമണത്തെ തടസപ്പെടുത്തി അതിനെ ദുർബലപ്പെടുത്തുന്നു. ഈ താപനം മർദ വ്യത്യാസങ്ങളെയും കാറ്റിന്‍റെ ഘടനയെയും മാറ്റിമറിക്കുകയും, ഈർപ്പം നിറഞ്ഞ കാറ്റിന്‍റെ ഗതി മാറ്റുകയും ചെയ്യുന്നു. സാധാരണ സാഹചര്യങ്ങളിൽ, പസഫിക്കിലെ തണുത്ത ജലമാണ് ഏഷ്യൻ ഭൂപ്രദേശത്തേക്ക് ഈർപ്പം എത്തിക്കുന്ന കാറ്റുകളെ നിലനിർത്താൻ സഹായിക്കുന്നത്. മൺസൂണിനെ ശക്തിപ്പെടുത്തുന്നതും അതു തന്നെയാണ്.
എന്നാൽ, ഇപ്പോൾ വർധിച്ചുവരുന്ന സാധ്യതയായ ശക്തമായ എൽ നിനോയ്ക്ക് ഇന്ത്യൻ മൺസൂണിനെ ഗണ്യമായി ദുർബലപ്പെടുത്താൻ കഴിയും. 1982, 1987, 2002, 2015 വർഷങ്ങളിൽ സംഭവിച്ചതുപോലെ ഇത് കാർഷിക ഉത്പദനം കുറയ്ക്കുകയും വരൾച്ചയ്ക്ക് കാരണമാവുകയും ചെയ്യും. 1876–78, 1899–1900 കാലഘട്ടങ്ങളിലെ ഭയാനകമായ ഇന്ത്യൻ ക്ഷാമങ്ങളുമായി ശക്തമായ എൽ നിനോ പ്രതിഭാസങ്ങളെ ബന്ധിപ്പിക്കുന്നതാണ് ചരിത്രപരമായ ഗവേഷണങ്ങൾ. ഇപ്പോഴത്തെ എൽ നിനോ രണ്ട് വർഷം വരെ നീണ്ടുനിന്നൽക്കാം എന്ന ആശങ്കയും തുടരുന്നു.
എങ്കിലും, ഇതിനെ മുൻകൂട്ടി ഒരു സൂപ്പർ എൽ നിനോ എന്ന് തരംതിരിക്കുന്നതിനെതിരേ കൺസൾട്ടന്‍റ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഗോപകുമാർ ചോലയിൽ മുന്നറിയിപ്പ് നൽകുന്നു. ആ പ്രതിഭാസം എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്‍റെ അന്തിമ തീവ്രത. സെപ്റ്റംബറോടെയേ വ്യക്തമായ ഒരു വിലയിരുത്തൽ സാധ്യമാകൂ എന്ന് അദ്ദേഹം പറയുന്നു. കാലാവസ്ഥാ മോഡലുകളിൽ അന്തർലീനമായ അനിശ്ചിതത്വങ്ങളും ഈ പ്രതിഭാസം അതിന്‍റെ രൂപീകരണ ഘട്ടത്തിലാണെന്ന വസ്തുതയും പരിഗണിക്കുമ്പോൾ, ഈ ഘട്ടത്തിൽ അന്തിമ നിഗമനങ്ങളിൽ എത്തുന്നത് നേരത്തെയായിപ്പോകും- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മഴയുടെ വർധിച്ചുവരുന്ന പ്രവചനാതീത സ്വഭാവത്തിൽ ആഗോളതാപനത്തിന്‍റെ മറ്റൊരു വ്യക്തമായ അടയാളം കൂടിയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ തിരിച്ചറിയുന്നത്; ചെറിയ കാലയളവിലുള്ള ശക്തമായ മഴയും അതിനിടയിലുള്ള ദീർഘമായ വരണ്ട കാലാവസ്ഥയും ഇതിന്‍റെ പ്രത്യേകതയാണ്. ഈ 'തുടങ്ങുകയും നിർത്തുകയും ചെയ്യുന്ന' (start-stop) പാറ്റേൺ മൺസൂൺ സീസണൽ മഴ കുറയാൻ കാരണമാകുന്നു. രാജ്യത്ത് ഒരു വർഷം പെയ്യുന്ന മഴയുടെ ഏകദേശം 70 ശതമാനവും തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ നിന്നാണ്. ഇത് മണ്ണിലെ ഈർപ്പത്തിന്‍റെ ശേഖരണം തടസപ്പെടുത്തുകയും കാർഷിക ആസൂത്രണത്തെ ബാധിക്കുകയും ചെയ്യുന്നുവെന്ന് കാർഷിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ ഇടിമിന്നലിനും കാരണമാകുന്നു, ഇത് തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ പതിവുള്ളതല്ല.
മരങ്ങളിൽ അസാധാരണമാംവിധം പൂക്കളും ഫലങ്ങളും ഉണ്ടാകുന്നത് വരൾച്ചയുടെ ലക്ഷണമാകാമെന്ന് പരമ്പരാഗത കാർഷിക അറിവുകൾ പറയുന്നു. ഉദാഹരണത്തിന്, ഈ വർഷം മാങ്ങയും ഞാവലും ധാരാളമായി ലഭിച്ചത് പരിസ്ഥിതി സമ്മർദം മുൻകൂട്ടി കണ്ട് പ്രകൃതി വംശവർധനവ് പരമാവധി വർധിപ്പിക്കാൻ നടത്തുന്ന ശ്രമമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. എന്നാൽ, ശാസ്ത്രജ്ഞർ ഇതിനെ പ്രവചനപരമെന്നല്ല, കെട്ടുകഥയെന്നു തള്ളിക്കളയുന്നു. ഭാവിയിലെ കാലാവസ്ഥാ സംഭവങ്ങൾ മുൻകൂട്ടി അറിയാൻ മരങ്ങൾക്കു കഴിയുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ഗോപകുമാർ പറയുന്നു. ഈ വർഷം ഉണ്ടായ അസാധാരണമായ പൂവിടൽ, വരൾച്ചയെ മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവിനെക്കാൾ, നേരത്തെയുള്ള ഏതെങ്കിലും സീസണിൽ അനുഭവപ്പെട്ട സമ്മർദത്തിന്‍റെ ഫലമാകാനാണ് കൂടുതൽ സാധ്യതയെന്നും അദ്ദേഹം വിശദീകരിക്കുന്നു.