V.D Satheesan
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്‍റെ പ്രകടന പത്രിക. നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ആശവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.
വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില്‍ പറയുന്നു.
സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വാഗ്ദാനങ്ങള്‍ ഏറെയും. തെരുവുനായ ശല്യത്തിനെതിരേ പദ്ധതികള്‍, വന്യജീവികളില്‍ നിന്ന് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്, എല്ലാവര്‍ക്കും ഗുണനിലവാരമുള്ള കുടിവെള്ളം, ആറ് പ്രധാന കോര്‍പ്പറേഷനില്‍ വിദേശ രാജ്യങ്ങളിലേത് പോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, ഗ്രാമീണ റോഡുകള്‍ ഗുണനിലവാരമുളളതാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തും, സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് പ്രത്യേക പദ്ധതി, 13 ശതമാനം പഞ്ചായത്ത് ഫണ്ട് ഇതിനായി മാറ്റിവയ്ക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നു.
ആശാവർക്കർമാർക്ക് 2000 രൂപയുടെ അലവൻസാണ് പത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സി.പി. ജോണ്‍, ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ളവർ പ്രഖ്യാപനവേദിയില്‍ ഉണ്ടായിരുന്നു.