കേരളത്തിന് കേന്ദ്ര പദ്ധതി വേണ്ട കടം മതി: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ
കോട്ടയം: കേരളം ആശങ്കാജനകമായ കടക്കണിയിലേക്ക് മാറുകയാണെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. ഇടതുമുന്നണി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്തിന്‍റെ കടം ഒന്നരലക്ഷം കോടിയോളം രൂപയായിരുന്നു 10 വർഷംകൊണ്ട് കടം 230% ആയി വർധിച്ചു. അതായത് 5 ലക്ഷം കോടിയോളം രൂപ. കേന്ദ്ര പദ്ധതികൾ നടപ്പാക്കി സാമ്പത്തിക പ്രശ്നം തരണം ചെയ്യാൻ സംസ്ഥാനം ശ്രമിക്കുന്നില്ല. തമിഴ്നാടും ആന്ധ്രയും ഉൾപ്പെടെ സംസ്ഥാനങ്ങൾ കേന്ദ്ര പദ്ധതികൾ സമർത്ഥമായി വിനിയോഗിക്കുന്നു. കേന്ദ്ര ഫണ്ട് നേടുകയും ചെയ്യുന്നു. എന്നാൽ കേന്ദ്ര പദ്ധതി വേണ്ട കടം മതി എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരെന്നും ജോർജ് കുര്യൻ കോട്ടയത്ത് പറഞ്ഞു.
രാജ്യത്തിന്‍റെ സർവ്വതോന്മുഖമായ പുരോഗതിയും വികസനവും മാത്രം ലക്ഷ്യമിട്ട് മുന്നോട്ടു നീങ്ങുന്ന നരേന്ദ്രമോദി സർക്കാരിന്‍റെ ഇച്ഛാശക്തിയാണ് പി.എം വികസിത് ഭാരത് റോസ്ഗാർ യോജനയിൽ ദൃശ്യമാകുന്നത്. തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിയായ പിഎം വികസിത് ഭാരത് റോസ്ഗാർ യോജന, രാജ്യത്തെ പുരോഗതിയിലേക്കും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും മാത്രം ലക്ഷ്യമിട്ടാണ്. തൊഴിലുറപ്പ് ദിനങ്ങൾ വർധിപ്പിച്ചതുൾപ്പടെ അടിസ്ഥാന ജനവിഭാഗത്തിന് കരുത്ത് പകർന്നത് വികസിത് ഭാരത് സങ്കല്പത്തിലൂന്നിയ മോദി സർക്കാരിൻറെ പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് 100 ദിവസമാക്കിയതും അടുത്തയിടെ 125ലേക്ക് വർധിപ്പിച്ചതും മോദി സർക്കാരാണ്. അതായത്
2013 വരെ 36 ദിവസം പ്രവർത്തി ദിനവും 162 രൂപ ദിവസ കൂലിയും ആയിരുന്നു. ഇപ്പോൾ അത് തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുകയും പ്രതിദിന കൂലി 369 രൂപയായി കൂട്ടുകയും ചെയ്തു. ഒരുലക്ഷത്തി 51,000 കോടി രൂപ പദ്ധതിക്ക് മാത്രമായി മോദി സർക്കാർ വകയിരുത്തുന്നുണ്ട്. ഗ്രാമീണ മേഖലയിൽ അടിസ്ഥാന വികസനമാണ് ലക്ഷ്യം. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് അതിനനുസൃതമായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയെ കൂടുതൽ ജനകീയവും ഉപകാരപ്രദവും ആക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ പരിഷ്കരിച്ചതെന്നും ജോർജ് കുര്യൻ വിശദീകരിച്ചു. ബിജെപി കോട്ടയം ജില്ലാ കമ്മറ്റി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ, ജനറൽ സെക്രട്ടറിമാരായ എസ്. രതീഷ്, എൻ.കെ. ശശികുമാർ, ജയസൂര്യൻ തുടങ്ങിയവർ പങ്കെടുത്തു.