വി. മുരളീധരൻ 
Kerala

"ശബരിമല സ്വര്‍ണപ്പാളി വിവാദം സിബിഐ അന്വേഷിക്കണം'': വി. മുരളീധരൻ

''ദേവസ്വം സ്വത്തായ ദ്വാരപാലക പാളിയുടെ വാറന്‍റി എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായി എന്ന് ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിക്കണം''

Namitha Mohanan

കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഒന്നും മറയ്ക്കാനില്ലെങ്കില്‍ ഹൈക്കോടതി അന്വേഷണം എന്ന തൊടുന്യായം പറഞ്ഞ് സര്‍ക്കാര്‍ ഒളിച്ചോടരുതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം വിജിലൻസ് അന്വേഷിക്കും എന്ന് മന്ത്രി വി.എന്‍. വാസവൻ പറയുന്നത് ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ രക്ഷിക്കാനാണ്. ശബരിമല ശ്രീകോവിലിന്‍റെ ഒരു ഭാഗം അടിച്ചുമാറ്റി സംസ്ഥാനത്തിന് പുറത്തേക്ക് കടത്തി എന്നതാണ് കേസ്. അത് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും എന്നു പറഞ്ഞ് സര്‍ക്കാരും സിപിഎമ്മും പരിഹാസ്യരാവരുതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം സ്വത്തായ ദ്വാരപാലക പാളിയുടെ വാറന്‍റി എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായി എന്ന് ബോര്‍ഡ് പ്രസിഡന്‍റ് വിശദീകരിക്കണം. ദ്വാരപാലക പാളികൾ പുറത്ത് കൊണ്ട് പോയി നന്നാക്കാനുള്ള തീരുമാനം ദേവസ്വം മാനുവലിനു വിരുദ്ധമാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് തനിച്ച് ഇതെല്ലാം സാധ്യമാവില്ല. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ പ്രസിഡന്‍റും മുന്‍ പ്രസിഡന്‍റും അടക്കമുള്ളവരെയും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മറ്റ് മതങ്ങളിലെ ആരാധനാലയത്തിൽ ആയിരുന്നു ഈ മോഷണമെങ്കില്‍ മന്ത്രി വാസവൻ ഇത്ര ലാഘവത്തോടെ പ്രതികരിക്കുമോ എന്നും വി.മുരളീധരൻ ചോദിച്ചു. കോട്ടയം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ, മേഖല പ്രസിഡൻ്റ് എൻ. ഹരി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അഭിമാന നിമിഷമെന്ന് ലാൽ

അഭിനയ യാത്രയിൽ ലാൽ പകർത്തിയത് മലയാളിയുടെ ജീവിതം: മുഖ്യമന്ത്രി

ശബരിമല: ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്

ഫാസ്ടാഗില്ലാത്തവർക്ക് ആശ്വാസം; യുപിഐ ഉപയോഗിച്ചാൽ പിഴയിൽ ഇളവ്

സുബിൻ ഗാർഗിനെ വിഷം കൊടുത്ത് അപായപ്പെടുത്തിയെന്ന് ആരോപണം