വി. ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെങ്കിലും കേരളത്തിലത് നടപ്പാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്ര സർക്കാരിന്‍റെ ഏത് പദ്ധതിയെയും നമ്മൾ എതിർക്കും. അത് ആർക്കും ഉത്കണ്ഠ വേണ്ടെന്നും ധാരണ പത്രത്തിൽ നിന്നും ഏത് നിമിഷവും പിന്മാറാമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കും. പദ്ധതിയിൽ ഒപ്പുവച്ചെങ്കിലും അതുമായി മുന്നോട്ട് പോവില്ല. യോജിച്ച് ഒരു തീരുമാനത്തിലെത്താത്ത പക്ഷം കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി കേരളത്തിലെ സ്കൂളുകൾക്ക് അനിവാര്യമായ ഒന്നല്ലെങ്കിലും 47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ അത് ബാധിക്കുന്ന വിഷയമാണ്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർഥികൾക്ക് അർഹമായ 1500 കോടി രൂപ വേണ്ടെന്ന് വയ്ക്കേണ്ടതുപണ്ടോ എന്നാണ് ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, വർഗീയതയ്ക്കെതിരായ നിലപാടുള്ള പാഠപുസ്തകങ്ങൾ നമ്മൾ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതു ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ നയം
ഒരു കാരണവശാലും അടിയറവ് വയ്ക്കില്ല. കേരളത്തിൽ ആർഎസ്എസ് നേതാക്കളെക്കുറിച്ച് പടിപ്പിക്കില്ലെന്നും അത് സുരേന്ദ്രന്‍റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.