മാത‍്യു കുഴൽനാടൻ
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാൽ ഭൂമി കൈയേറ്റ കേസിൽ ചോദ‍്യം ചെയ്യാൻ ഹാജരാവണമെന്നാവശ‍്യപ്പെട്ട് മാത‍്യു കുഴൽനാടൻ എംഎൽഎയ്ക്ക് വിജിലൻസ് നോട്ടീസ് അയച്ചു. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫിസിൽ എത്തണമെന്നാണ് ആവശ‍്യപ്പെട്ടിരിക്കുന്നത്. വിജിലൻസ് എടുത്ത കേസിൽ 16-ാം പ്രതിയാണ് മാത‍്യു കുഴൽനാടൻ.
എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഈ കേസിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് വിജിലൻസും ചോദ‍്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്നായിരുന്നു എംഎൽഎക്കെതിരായ ആരോപണം.
50 സെന്‍റ് സർക്കാർ ഭൂമി കൈയേറിയാണ് റിസോർട്ട് നിർമിച്ചതെന്നും കൈയേറ്റമാണെന്ന് അറിഞ്ഞിട്ടും പോക്കുവരവ് നടത്തിയതായും നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.