Kerala

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഉദ്ഘാടനം ശനിയാഴ്ച

കോട്ടയം: സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3.30ന് വൈക്കം ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നിർവഹിക്കും. വൈകിട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും നടത്തുന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.

സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. വിവര-പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന 'വൈക്കം പോരാട്ടം' എന്ന പുസ്തകത്തിന്‍റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി.കെ ആശ എം.എൽ.എയ്ക്കുനൽകി എം.കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴികാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് അവതരിപ്പിക്കും.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. രാധാകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, അഡ്വ. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ലോക്സഭാംഗം ടി.ആർ ബാലു, രാജ്യസഭാംഗംങ്ങളായ ജോസ് കെ. മാണി, ബിനോയ് വിശ്വം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, മുൻരാജ്യസഭാംഗം കെ. സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.

എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ബിന്ദു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, സാംസ്‌കാരിക വകുപ്പ് ഡയറക്റ്റർ എസ്. സുബ്രഹ്മണ്യൻ, ജില്ലാ കലക്റ്റർ ഡോ.പി.കെ ജയശ്രീ, വൈക്കം നഗരസഭാധ്യക്ഷ രാധിക ശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.കെ. രഞ്ജിത്ത്, നഗരസഭാംഗം ബിന്ദു ഷാജി എന്നിവർ സന്നിഹിതരായിരിക്കും. ലക്ഷം പേർ ചടങ്ങിൽ പങ്കാളികളാകും. 15000 പേർക്ക് ഇരിക്കാവുന്ന വലിയ പന്തലാണ് സ്ഥാപിച്ചിട്ടുള്ളത്.

വൈകിട്ട് 3.30ന് വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ,എ രാമൻ ഇളയത് എന്നീ സത്യഗ്രഹികളുടെ പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിലും ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും. ഇതിനായി വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പൊലീസ് സഹായത്തോടെ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയത് 117 പേർ; പാസായത് 52 പേർ മാത്രം

റണ്ണിങ് കോണ്‍ട്രാക്റ്റ് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക സംഘം: മന്ത്രി മുഹമ്മദ് റിയാസ്

കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

മുംബൈയിൽ പമ്പിന് മുകളിലേക്ക് കൂറ്റൻ പരസ്യബോര്‍ഡ് തകര്‍ന്ന് 3 മരണം; 59 പേർക്ക് പരുക്ക്

ഹരിഹരന്‍റെ വീടാക്രമിച്ചത് സിപിഎം പ്രവർത്തകരെന്ന് എഫ്ഐആർ