Vande Bharat 
Kerala

വന്ദേ ഭാരതിന്‍റെ വരവോടെ മറ്റു ട്രെയിനുകൾ വൈകുന്നു

എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റ് വരെ പിടിച്ചിടുന്നത് പതിവായി

MV Desk

ജിബി സദാശിവൻ

കൊച്ചി: കേരളത്തിലെ വന്ദേഭാരതിന് മികച്ച സ്വീകരണം ലഭിക്കുമ്പോഴും മറുവശത്ത് മറ്റു ട്രെയിനുകളിലെ സ്ഥിരം യാത്രക്കാർ നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. വന്ദേഭാരത് വന്നതോടെ കേരളത്തിൽ എക്സ്പ്രസ് ട്രെയിനുകൾ 20 മുതൽ 40 മിനിറ്റ് വരെ പിടിച്ചിടുന്നത് പതിവായി.

രണ്ടാം വന്ദേഭാരത് കൂടി വന്നതോടെ യാത്രാക്ലേശം വീണ്ടും ഇരട്ടിച്ചിരിക്കുകയാണ്. കൂടിയ ദൂരം കുറഞ്ഞ സമയത്ത് ഓടിയെത്തുന്ന വന്ദേഭാരതിനു വേണ്ടി കുറഞ്ഞ ദൂരം കൂടുതൽ സമയമെടുത്ത് ഓടി തീർക്കുകയാണ് എക്സ്പ്രസ് ട്രെയിനുകളെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിക്കുന്നു.

എറണാകുളം ജംഗ്ഷനിൽ നിന്ന് വൈകുന്നേരം 06.05 ന് പുറപ്പെടുന്ന കായംകുളം എക്സ്പ്രസ്സ്‌ സ്പെഷ്യൽ 40 മിനിറ്റാണ് എല്ലാ ദിവസവും കുമ്പളത്ത് പിടിച്ചിടുന്നത്. നാഗർകോവിൽ കോട്ടയം പാസഞ്ചറിനെയും ഏറനാടിനെയും പാലരുവിയെയും ഇന്റർസിറ്റിയെയും മുതൽ രാജധാനിയെ വരെയുള്ള നിരവധി സർവീസുകളെ വന്ദേഭാരത്‌ വഴിയിൽ കിടത്തുന്നു.

വന്ദേഭാരതിന് കേരളത്തിൽ ഇത്രയും അധികം സ്വീകാര്യത ലഭിക്കാൻ കാരണം തിരുവനന്തപുരത്ത് നിന്ന് മലബാർ ഭാഗത്തേയ്ക്ക് ട്രെയിനുകളുടെ ദൗർലഭ്യമാണ്. ജനശതാബ്ദി ട്രെയിനുകൾ ഒഴിച്ചാൽ രണ്ടോ മൂന്നോ മണിക്കൂറുകൾ ബഫർ ടൈം നൽകിയാണ് മറ്റു ട്രെയിനുകൾ സർവീസ് നടത്തുന്നത്. സമയത്തിന് യാതൊരു പരിഗണനയും നൽകാത്ത സാഹചര്യത്തിൽ വന്ദേഭാരതിന് ലഭിച്ച സ്വീകാര്യത യാത്രക്കാരുടെ ആവശ്യങ്ങളുടെ പ്രതിഫലനമാണ്. മലബാർ മേഖലയിലേക്ക് വന്ദേഭാരത്‌ മാത്രമല്ല, എല്ലാ സർവീസുകളും മാസങ്ങൾക്ക് മുമ്പേ ബുക്കിങ് പൂർത്തിയാകാറുണ്ട്. വന്ദേഭാരതിൽ കയറാൻ മാത്രമായി ആരും അതിൽ യാത്ര ചെയ്യുന്നില്ല.ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശം റെയിൽവേ മാർക്കറ്റ് ചെയ്യുകയായിരുന്നു.

വന്ദേഭാരത് വന്നത് മൂലം പുലർച്ചെ വളരെ നേരത്തെ ട്രെയിനുകളിൽ കയറികൂടേണ്ട അവസ്ഥയാണ്. ശേഷം 20 മുതൽ 40 മിനിറ്റ് വരെ വന്ദേഭാരതിന് വേണ്ടി മറ്റു സ്റ്റേഷനുകളിൽ കാത്തുകിടക്കുകയാണ്. വൈകിട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന സർവീസുകളെ ബാധിക്കാതെ വന്ദേഭാരത്‌ ഷെഡ്യൂൾ ചെയ്യാനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. അതിർത്തികൾ പങ്കിടുന്ന ദീർഘ ദൂര സർവീസുകൾക്ക് നിർണ്ണായക സമയം തെരെഞ്ഞെടുക്കേണ്ട ആവശ്യവുമില്ലായിരുന്നു. പുലർച്ചെയുള്ള വന്ദേഭാരതിന് വേണ്ടി വേണാട് എക്സ്പ്രസ് സമയം മാറ്റിയതിലുള്ള പ്രതിഷേധം ഇപ്പോഴും അടങ്ങിയിട്ടില്ല.

കൂടുതൽ പണം നൽകുന്നവർക്ക് മാത്രമേ റെയിൽവേ പരിഗണന നൽകുള്ളൂവെങ്കിൽ സീസൺ ടിക്കറ്റിൽ അടക്കം കാലതീതമായ മാറ്റം വരുത്തുന്നതിന് യാത്രക്കാർ എതിരല്ല. എന്നാൽ വർഷങ്ങളായി മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും നൽകി വന്നിരുന്ന ആനുകൂല്യങ്ങൾ എടുത്തുകളയുകയും പാസഞ്ചർ സർവീസുകൾ നിർത്തലാക്കുകയും ചെയ്തതിലൂടെ റെയിൽവേ കൊള്ളാലാഭം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. പൊതുഗതാഗത സംവിധാനമാണെന്ന ബോധ്യം റെയിൽവേ മനഃപൂർവം മറക്കുകയാണ്.

ഇന്ത്യൻ റെയിൽവേയിൽ വിപ്ലവകരമായ നേട്ടങ്ങൾക്ക് ഇതിന് മുമ്പും യാത്രക്കാർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വന്ദേ ഭാരത്‌ ട്രെയിനുകൾ ആവശ്യം തന്നെയാണ്. എന്നാൽ സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ട്രെയ്നിൽ പാത്രം കഴുകുന്നത് ടോയ്ലറ്റിൽ | Video

സർവീസിലുള്ള അധ്യാപകർക്കും ടെറ്റ് നിർബന്ധം

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച 55 വയസുകാരന് 72 വർഷം തടവ്

കോടതി മാറ്റണമെന്ന് പ്രതികൾ; ഷുഹൈബ് വധക്കേസിൽ വിചാരണ നടപടികൾക്ക് സ്റ്റേ

''ഞാൻ പറഞ്ഞാലുടൻ മോദി ഫോണെടുത്ത് ഇഡിയെ വിളിച്ച് പിണറായിയുടെ വീട് റെയ്ഡ് ചെയ്യാൻ‌ പറയുമോ?'' എന്തൊക്കെ തമാശകളാണിതെന്ന് സതീശൻ