ഇ.എൻ. സുരേഷ് ബാബു, വി.ഡി. സതീശൻ, ഷാഫി പറമ്പിൽ
തൃശൂർ: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഷാഫി പറമ്പിൽ എംപിക്കെതിരേയുള്ള സുരേഷ് ബാബുവിന്‍റെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സുരേഷ് ബാബു പറഞ്ഞത് ആരോപണമല്ല അധിക്ഷേപമാണെന്നും കേസെടുക്കണമെന്നും സതീശൻ പറഞ്ഞു. എല്ലായിടങ്ങളിലും സ്ത്രീകൾക്കെതിരേ മോശമായി സംസാരിക്കുന്നവരാണ് സിപിഎമ്മുകാരെന്നും ജനങ്ങൾ ഇവരെ കൈകാര‍്യം ചെയ്യുന്നതിലേക്ക് കാര‍്യങ്ങൾ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു ഇ.എൻ. സുരേഷ് ബാബുവിന്‍റെ ആരോപണം. ഇക്കാര‍്യത്തിൽ ഷാഫിയും രാഹുലും കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ് മാഷ് ആണ് ഷാഫിയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. ഇതിനെതിരേയാണ് നിലവിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.