മന്ത്രി വീണ ജോർജ് കഴുത്തിന് പരുക്കേറ്റ ശേഷം.

 

File

Kerala

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

പരിയാരം മെഡിക്കൽ കോളെജിൽ നിന്നും ഡിസ്ചാർജ് ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്കു പോയില്ല.

Thiruvananthapuram Bureau

തിരുവനന്തപുരം: പരിയാരം മെഡിക്കൽ കോളെജിൽ നിന്നു ഡിസ്ചാർജ് ചെയ്ത ആരോഗ്യമന്ത്രി വീണാ ജോർജ് രാത്രിയായിട്ടും തിരുവനന്തപുരം മെഡിക്കൽ കോളെജിലെത്തിയില്ല. കഴുത്തിന് പരുക്കേറ്റ നിലയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആരോഗ്യമന്ത്രിയെ വെള്ളിയാഴ്ച അതിരാവിലെയാണ് അതീവരഹസ്യമായി ഐസിയുവിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. എന്നാല്‍, പരിയാരം മെഡിക്കല്‍ കോളെജില്‍നിന്ന് മടങ്ങി ഒരു പകൽകഴിഞ്ഞിട്ടും മന്ത്രിയെ തുടർ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിയിട്ടില്ല.

മന്ത്രിയുടെ ഓഫിസും തുടര്‍ചികിത്സാ വിവരങ്ങള്‍ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ആറന്മുളയിലെ വീട്ടിലെത്തിയതായി രാത്രി വൈകി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച അർധരാത്രിയിലാണ് ഓണ്‍ലൈനായി ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. മന്ത്രി തന്നെ ഡിസ്ചാർജ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു തിടുക്കപ്പെട്ടുള്ള തീരുമാനം. മന്ത്രിക്ക് യാത്ര ചെയ്യാൻ കുഴപ്പമില്ലെന്നും ശരീര വേദന കുറഞ്ഞു എന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് രഹസ്യ ഡിസ്ചാർജെന്നാണ് വിവരം.

പുലർച്ചെ നാലുമണിക്ക് ഔദ്യോഗിക വാഹനത്തിൽ ആയിരുന്നു മന്ത്രി യാത്ര പുറപ്പെട്ടത്. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യപ്പെട്ട മന്ത്രി അവിടെ എത്തിയിട്ടില്ലെന്നത് ഡോക്‌റ്റർമാരും സ്ഥിരീകരിച്ചു.

പത്തനംതിട്ടയിലെ വീട്ടിലേക്കോ അതോ കോട്ടയത്തെ ഏതെങ്കിലും സ്വകാര്യ ആയുർവേദ കേന്ദ്രത്തിലേക്കോ ആണോ മന്ത്രി പോയതെന്ന കാര്യത്തിൽ അഭ്യൂഹം പരന്നിരുന്നു. മന്ത്രി എത്തുന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതരും വ്യക്തമാക്കി. ഇതിനു ശേഷമാണ് ആറന്മുളയിൽ എത്തിയെന്ന വിശദീകരണം വന്നത്.

അതേസമയം, മന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പരിഹാസങ്ങൾ നിറയുകയാണ്. ഐസിയുവില്‍ നിന്ന് നേരിട്ട് ഡിസ്ചാര്‍ജ് ചെയ്യുന്നത് എന്തുതരം പ്രോട്ടോകോൾ ആണെന്നാണ് കോൺഗ്രസ് നേതാക്കളടക്കം ഉയർത്തുന്ന ചോദ്യം. മന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. മന്ത്രിയെ ആക്രമിച്ചെന്ന കഥ എട്ടുനിലയില്‍ പൊട്ടിയെന്നും സതീശൻ കൂട്ടിച്ചേർത്തു.

കഴുത്തിന് കടുത്ത വേദനയുള്ള കലാകാരി റോഡ് മാർഗം പോകുന്നത് നല്ലതാണോ എന്നായിരുന്നു കെഎസ്‌യുവിന്‍റെ പരിഹാസം. മന്ത്രിയെ ഐസിയുവിൽ നിന്ന് കാണാതായി എന്നും കണ്ടുകിട്ടിയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും കെഎസ്‌യു നേതാക്കൾ പരിഹസിക്കുന്നു.

ഇതിനിടെ ഐസിയു ബെഡില്‍ നിന്ന് നഴ്സുമാര്‍ക്കൊപ്പമുള്ള മന്ത്രിയുടെ സെല്‍ഫിയും വിവാദമായി. ആരോഗ്യമന്ത്രി തന്നെ പ്രോട്ടോകോൾ ലംഘിച്ചു എന്ന ആക്ഷേപങ്ങളും ഉയര്‍ന്നു. ഫോട്ടൊ എടുത്തതിൽ ആശുപത്രി അധികൃതർക്കും ഇടത് കേന്ദ്രങ്ങൾക്കും അതൃപ്തിയുണ്ട്. അതേസമയം, മന്ത്രിയുമായി കുറഞ്ഞ സമയം കൊണ്ട് നല്ല അടുപ്പം ഉണ്ടായതുകൊണ്ടാണ് ഫോട്ടൊ എടുത്തത് എന്നാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് വിശദീകരിക്കുന്നു. ഐസിയുവില്‍ രോഗിക്കൊപ്പം ഫോട്ടൊയെടുക്കരുതെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചതിലാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് പരിയാരം മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനോട് വിശദീകരണം തേടിയത്.

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ

ശരിയല്ലെന്ന് എൻഎസ്എസ്; മന്നം സമാധിയിയിലെ പുഷ്പാർച്ചന റദ്ദാക്കി ഉപരാഷ്‌ട്രപതി

എൽഡിഎഫിനെ പിണറായി നയിക്കും; തീരുമാനം പ്രഖ്യാപിച്ച് എം.എ. ബേബി