വീണ വിജയൻ
കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി. വീണയുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്. 85 ലക്ഷത്തോളം രൂപ ദുബായിയിലേക്കു കൈമാറിയത് എന്തിനുവേണ്ടിയെന്നു പരിശോധിക്കും. വീണ വിദേശ നാണയ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. കോഴിക്കോട്ട് നടത്തിയ റെയ്ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യംചെയ്യലുണ്ടാകും. വീണയെ അടുത്തയാഴ്ച വിളിപ്പിച്ചേക്കും.
മാസപ്പടിക്കേസില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും നിര്‍ണായകമായ കണ്ടെത്തലുകളാണ് ഇഡി പുറത്തുവിട്ടത്. ദുബായിയിലേക്ക് 85 ലക്ഷത്തിന്‍റെ ഹവാല ഇടപാട് നടന്നെന്ന സൂചന കൂടാതെ 20.5 കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നെന്നും വീണയിൽ നിന്നു പിടിച്ചെടുത്ത ഡയറിയിലെ കൈയെഴുത്തു രേഖകളിലുണ്ടെന്ന് ഇഡി അറിയിച്ചിരുന്നു.
മറ്റൊരാളുടെ പേരിലുള്ള സിം കാര്‍ഡ് ഇന്‍റര്‍നെറ്റ് കോളുകൾക്കു വേണ്ടി ഉപയോഗിച്ചെന്നും ഇഡി വെളിപ്പെടുത്തിയിട്ടുണ്ട്. ഡയറിയില്‍ നിന്നുകിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടത്തിയ റെയ്ഡില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും രേഖകളും അന്വേഷണസംഘം കണ്ടെത്തി. അതിനിടെ വീണയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കര്‍ ഇന്ത്യ കോര്‍പ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് മുന്‍ മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി.