Kerala

അട്ടപ്പാടി മധു വധക്കേസ്: 14 പ്രതികൾ കുറ്റക്കാർ: 2 പേരെ വെറുതെ വിട്ടു: ശിക്ഷ നാളെ

ശിക്ഷ നാളെ പ്രഖ്യാപിക്കും

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 16 പ്രതികളിൽ 14 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. 4-ാം പ്രതിയെയും 11-ാം പ്രതിയെയും കോടതി വെറുതെ വിട്ടു. ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി വ്യക്തമാക്കി. എല്ലാവർക്കുമെതിരെ ഒരേ കുറ്റമാണ് തെളിഞ്ഞതെന്നും കോടതി അറിയിച്ചു.

നാലാം പ്രതിയായ അനീഷിനെയും 11 -ാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തുകയായിരുന്നു. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ‌ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അനീഷിനെതിരായ കേസ്. 11-ാം പ്രതി അബ്ദുൾ കരീം മധുവിനെ കള്ളൻ എന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് ചെയ്തത്. വിധി കേൾക്കുന്നതിനായി മധുവിന്‍റെ കുടുംബം കോടതിയിൽ നേരിട്ടെത്തിയിരുന്നു.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച മധു വധക്കേസ്. ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെടുകയായിരുന്നു.

അഞ്ചു വർഷം പിന്നിടുമ്പോഴാണു കേസിലെ വിധി പ്രസ്താവം വരുന്നത്. മൂവായിരത്തിലധികം പേജുകളുള്ള കുറ്റപത്രത്തിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. ഇതിൽ മധുവിന്‍റെ ബന്ധുക്കളുൾപ്പടെ 24 പേർ വിചാരണക്കിടെ കൂറുമാറി. കേസിൽ അന്തിമവാദം മാർച്ച് 10 ന് പൂർത്തിയായി.

കൂറു മാറിയ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും, വിചാരണ നീണ്ടു പോയതും വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു.

കുന്നംകുളം കസ്റ്റഡി മർദനം; 4 ഉദ‍്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തേക്കും

''മുഖ‍്യമന്ത്രിക്കൊപ്പം ഓണസദ‍്യ കഴിച്ചത് ശരിയായില്ല''; സതീശനെതിരേ കെ. സുധാകരൻ

ഒരു കാരണവുമില്ലാതെ സിഐ മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി സിപിഎം ലോക്കൽ സെക്രട്ടറി

സെപ കരാർ: ഇന്ത്യൻ ബിസിനസ്​ കൗൺസിലുമായി ചർച്ച നടത്തി യുഎഇ വ്യാപാര മന്ത്രി

ഏഷ്യാ കപ്പ് ക്രിക്കറ്റ്: പരിശീലനത്തിന് തുടക്കമിട്ട് ടീം ഇന്ത്യ