വി.ടി. ബൽറാം
തിരുവനന്തപുരം: കോൺഗ്രസ് കേരള ഘടകം എക്സിൽ പങ്കു വച്ച പോസ്റ്റ് വിവാദമായതോടെ കോൺഗ്രസ് സോഷ്യൽമീഡിയാ വിങ്ങിന്‍റെ ചുമതലയൊഴിഞ്ഞ് വി.ടി.ബൽറാം.ജിഎസ്ടി പരിഷ്കരണത്തെ പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റാണ് വിവാദമായത്. പുകയില ഉത്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരിഹസിച്ച് ബിഹാറും ബീഡിയും തുടങ്ങുന്നത് ബിയിൽ നിന്നാണെന്ന പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് ബിഹാറിനെ അപഹസിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തിയിരുന്നു.
ജാഗ്രതക്കുറവ് ഉണ്ടായതെന്നും തെറ്റു പറ്റിയെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയാ വിങ്ങ് വിഭാഗം പുനഃസംഘടിപ്പിക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. എന്നാൽ രാജി മുൻപേ തീരുമാനിച്ചിരുന്നുവെന്നും വിവാദ പോസ്റ്റുമായി ബന്ധമില്ലെന്നും വി.ടി. ബൽറാം അവകാശപ്പെട്ടു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിഹാറിൽ വോട്ടർ അധികാർ യാത്ര നടത്തുന്നതിനിടെയുണ്ടായ വിവാദത്തിൽ എഐസിസിയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വികാരം വ്രണപ്പെടുത്തിയതിനെ തേജസ്വി യാദവും രൂക്ഷമായി വിമർശിച്ചിരുന്നു.