മോമോസും ഫ്രഞ്ച് ഫ്രൈസും
ലഖ്നൗ: ഉത്തർപ്രദേശിൽ മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ രണ്ടു വിദ‍്യാർഥികൾ മരിച്ചു. ബിഎൽ വിദ‍്യാമന്ദിർ സ്കൂളിലെ ആറാം ക്ലാസ് വിദ‍്യാർഥിയായ നിതിനും രണ്ടാം ക്ലാസ് വിദ‍്യാർഥിയായ അരുൺ കുഷ്വാഹയുമാണ് മരണപ്പെട്ടത്.
മറ്റൊരു വിദ‍്യാർഥിയായ യോഗേഷ് ശിവ്ഹാരെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മരണപ്പെട്ട കുട്ടികൾ തങ്ങളുടെ ആരോഗ‍്യസ്ഥിതി വഷളാകുന്നതിനു മുൻപ് ഹോസ്റ്റലിൽ നിന്നും മോമോസും ചട്ണിയും കഴിച്ചതായാണ് വിവരം.
ഉടനെ തന്നെ ഇവരെ സ്കൂൾ മാനേജ്മെന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ കഴിച്ച ഭക്ഷണം ഉൾപ്പടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ പരിശോധിച്ചുവരുകയാണെന്ന് അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് ശിവരാജ് പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായി നടപടി സ്വീകരിക്കുമെന്നും പൊലീസ് വ‍്യക്തമാക്കി.
ഞായറാഴ്ച വൈകീട്ട് വിദ‍്യാർഥികൾ മഹേന്ദ്ര ചൗക്കിന് സമീപത്തുള്ള കടയിൽ നിന്നും മോമോസ് കഴിച്ചതായാണ് ഇവരുടെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഇതാണോ അസുഖം ബാധിക്കാനിടയാക്കിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.