അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത; അന്തിമ തീരുമാനം ഉടൻ
അങ്കമാലി: അങ്കമാലി കരയാമ്പറമ്പ് മുതൽ കുണ്ടന്നൂരിലേക്കുള്ളബൈപ്പാസ് എട്ടുവരിപ്പാതയാക്കാൻ സാധ്യത. പുതിയ ട്രാഫിക് സർവേ പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയാകുമെന്നാണ് കരുതുന്നത്. ഡിസംബർ 15നുള്ളിൽ സർവേ റിപ്പോർട്ട് ദേശീയ പാതാ അതോറിറ്റഇക്ക് സമർപ്പിക്കും. നിലവിൽ അങ്കമാലി- കുണ്ടന്നൂർ ബൈപ്പാസിൽ ആറുവരിപ്പാതയ്ക്കാണ് കല്ലിട്ടിരിക്കുന്നത്. അഞ്ച് വർഷം മുൻപ് നടത്തിയ ട്രാഫിക് സർവേയുടെ അടിസ്ഥാനത്തിലായിരുന്നു ആറുവരിപ്പാതയെന്ന് തീരുമാനത്തിലെത്തിയത്. അതു പ്രകാരം വിജ്ഞാപനവും പുറപ്പെടുവിച്ചു. പക്ഷേ പഴയ സർവേ കാലഹരണപ്പെട്ടതായി കണ്ടെത്തിയതിനാൽ വീണ്ടും ട്രാഫിക് സർവേ ആരംഭിച്ചിരിക്കുകയാണ്.
ബുധനാഴ്ചയാണ് പുതിയ സർവേ ആരംഭിച്ചത്. ദേശീയപാത 544 ലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ കണക്ക് ശേഖരിക്കും. അതിനു ശേഷം റോഡിനു കൂടുതൽ വീതി വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും.
പുതിയ സർവേ പ്രകാരം വീണ്ടും വിജ്ഞാപനം ഇറക്കാനാണ് നീക്കം. ബൈപ്പാസിന്‍റെ 3എ പുനർവിജ്ഞാപനം വേണമെന്ന് ബെന്നി ബെഹ്നാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ റോഡ് നിർമാണത്തിനായി മൂന്നു താലൂക്കുകളഇൽ നിന്നായി 295 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.