A view from last year's Cochin Carnival cochincarnival.org
Local

കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് ഇവന്‍റ് മാനെജ്‌മെന്‍റിന്; പ്രതിഷേധം ശക്തം

നേരത്തേ ജനകീയ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ റാലി ഉള്‍പ്പെടെ നടത്തിയിരുന്നത്

കാർണിവൽ റാലി

മട്ടാഞ്ചേരി: ലോക ശ്രദ്ധയാകർഷിച്ച കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പില്‍ സ്വകാര്യ മേഖലയേയും ഉള്‍പ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തിനിടയാക്കുന്നു. സ്വകാര്യ ഇവന്‍റ് മാനെജ്മെന്‍റ് ഗ്രൂപ്പിനെ ഉള്‍പ്പെടുത്തി കാര്‍ണിവലുമായി ബന്ധപ്പെട്ട പരിപാടികള്‍ നടത്താനാണ് ഫോര്‍ട്ട്കൊച്ചി സബ് കലക്റ്റര്‍ ചെയര്‍മാനായ സമിതി തീരുമാനിച്ചിട്ടുള്ളത്.

ജനപ്രതനിധികളുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനമെന്നാണ് സൂചന. സ്വകാര്യ കമ്പനിക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ പങ്കാളിത്തം നല്‍കുമെന്നാണ് വിവരം. നേരത്തേ ജനകീയ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് കാര്‍ണിവല്‍ റാലി ഉള്‍പ്പെടെ നടത്തിയിരുന്നത്.

കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി നടത്തിയ ഒരു ഗുസ്തി മത്സരം.

പരിഷ്കാരത്തിനു പിന്നിൽ

കഴിഞ്ഞ വര്‍ഷം കാര്‍ണിവല്‍ നടത്തിപ്പിലെ അപാകതയെ തുടര്‍ന്ന് നടത്തിപ്പ് എംഎല്‍എയുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നൽകാനുള്ള നീക്കം തുടങ്ങിയത്.

നാലു പതിറ്റാണ്ടിന്‍റെ ചരിത്രം

ഇതിനെതിരേ കാര്‍ണിവല്‍ കമ്മിറ്റിയിലും ജനകീയ തലത്തിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നാല് പതിറ്റാണ്ട് പിന്നിട്ട കൊച്ചിന്‍ കാര്‍ണിവല്‍ സംസ്ഥാനത്തെ സുപ്രധാന പുതുവത്സരാഘോഷങ്ങളില്‍ ഒന്നാണ്. 1981ല്‍ കൊച്ചി കടപ്പുറം കേന്ദ്രീകരിച്ച് ബീച്ച് ഫെസ്റ്റിവല്‍ എന്ന പേരില്‍ തുടങ്ങിയ പുതുവത്സരാഘോഷം തുടര്‍ന്ന് കൊച്ചിയിലെ സാമൂഹ്യ സാംസ്കാരിക കലാ - കായികരംഗത്തെ അമ്പതിലേറെ ക്ലബ്ബുകളുടെ കൂട്ടായ്മയില്‍ കൊച്ചിന്‍ കാര്‍ണിവല്‍ എന്ന പേരിലായി.

കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായ ബൈക്ക് റെയ്സ്.

90 കളില്‍ തുടങ്ങിയ ഡിസംബര്‍ 31 അര്‍ധരാത്രിയിലെ പാപ്പാഞ്ഞി കത്തിക്കലും പുതുവത്സര ദിനത്തിലെ കാര്‍ണിവല്‍ റാലിയുമാണ് ആഘോഷ പരിപാടികളിൽ പ്രധാനം. ഫോര്‍ട്ട് കൊച്ചി സബ് കലക്റ്റര്‍ നേതൃത്വം നല്‍കുന്ന കാര്‍ണിവല്‍ ആഘോഷസമിതിയാണ് ആഘോഷങ്ങള്‍ നടത്തിയിരുന്നത്.

ആശങ്കയുടെ അടിസ്ഥാനം

സംസ്ഥാന സര്‍ക്കാരിന്‍റെ ടൂറിസം പരിപാടിയില്‍ ഇടം നേടിയ കൊച്ചിന്‍ കാര്‍ണിവലിന് സാമ്പത്തിക സഹായവും, കൊച്ചി നഗരസഭ വകയായി മേയേഴ്സ് ട്രോഫിയും നല്‍കിയും ഔദ്യോഗിക അംഗീകാരവും നല്‍കിയിട്ടുണ്ട്.

കൊച്ചിൻ കാർണിവൽ വേദിയിൽനിന്ന്.

കൊച്ചിയുടെ ജനകീയോത്സവമായ കൊച്ചിന്‍ കാര്‍ണിവല്‍ നടത്തിപ്പ് ഇവന്‍റ് മാനെജ്മെന്‍റ് ഗ്രൂപ്പിനു കൈമാറുന്നതോടെ ജനകീയത നഷ്ടപ്പെടുമെന്നും ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ കമ്പനിയുമായുള്ള പങ്കാളിത്തം അഴിമതിക്കും ഇടയാക്കുമെന്ന ആക്ഷേപവും ശക്തമാക്കിയിട്ടുണ്ട്.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു