ഇ-സ്‌കൂട്ടറിന് പുക പരിശോധിക്കാത്തതിന് പിഴ!
കൊല്ലം: ഇലക്ട്രിക് സ്‌കൂട്ടറിന് പുക പരിശോധന നടത്തിയില്ലെന്നാരോപിച്ച് പിഴ ചുമത്തിയതായി പരാതി. തിരുവനന്തപുരം മംഗലപുരം പൊലീസാണ് ആയത്ത് സ്വദേശിയായ ശൈലേഷിന് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചത്.
പിഴ എന്തിനാണെന്ന് അറിയാൻ ശൈലേഷ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പറയുന്നു. ഉദ്യോഗസ്ഥർ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും, റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. എന്നാല്‍, പിന്നീട് റൂറൽ എസ്പി ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും ഓഫിസിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.
ഇതു കൂടാതെ, നോട്ടീസിൽ തന്‍റെ ഇലക്ട്രിക് സ്കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്‍റെ ചിത്രമാണ് ഉള്ളതെന്നും മംഗലപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് പിഴ വന്നതെന്നറിയില്ല എന്നും ശൈലേഷ് പറയുന്നു. പൊലീസ് സ്‌കാനിങ് സിസ്റ്റത്തിലെ പിഴവാണെന്നാണിതെന്നാണ് നിഗമനം.