ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിർമിതി അനുവദിക്കില്ല, ദേവഹിതത്തിന് വിരുദ്ധമെന്ന് ഹൈന്ദവ സംഘടനകൾ

 
Local

ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിർമിതി അനുവദിക്കില്ല, ദേവഹിതത്തിന് വിരുദ്ധമെന്ന് ഹൈന്ദവ സംഘടനകൾ

ദേവസ്വം ബോർഡിന്‍റെ ധിക്കാരത്തിനും, ക്ഷേത്ര വിരുദ്ധ നടപടിക്കുമെതിരെ മാർച്ച് 14ന് ക്ഷേത്രത്തിന്‍റെ തെക്കേനടയിൽ ഭക്തജനങ്ങൾ ഉപവസിക്കും.

Local Desk

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്ര മൈതാനത്ത് താൽക്കാലിക വേലികെട്ടി തിരിച്ച സ്ഥലത്തിനുള്ളിൽ ചിറപ്പ് പന്തൽ, പിൽഗ്രിം ഷെൽട്ടർ എന്നിവയ്ക്കെന്ന എന്ന പേരിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് ദേവസ്വം ബോർഡ് പിന്തിരിയണമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിന്‍റെ ധിക്കാരത്തിനും, ക്ഷേത്ര വിരുദ്ധ നടപടിക്കുമെതിരെ മാർച്ച് 14ന് ക്ഷേത്രത്തിന്‍റെ തെക്കേനടയിൽ ഭക്തജനങ്ങൾ ഉപവസിക്കും. ദേവസ്വം ബോർഡ് നടപടിയിൽ നിന്ന് പിന്മാറാത്ത പക്ഷം തുടർ പ്രക്ഷോഭങ്ങൾക്ക് ഹൈന്ദവ ഭക്ത ജനസംഘടനകൾ രൂപം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്‍റെ കിഴക്ക്, തെക്കുഭാഗത്ത് പൂർത്തീകരിക്കാത്ത നടപ്പന്തൽ നിർമാണം, ക്ഷേത്ര മൈതാന ചുറ്റുമതിലിന്‍റെ ശോച്യാവസ്ഥ, ഗോശാലയുടെ ജീർണാവസ്ഥ, ഭക്തജന ആവശ്യാർഥം കൂടുതൽ ശൗചാലയ നിർമാണങ്ങൾ, എന്നിവയ്ക്കൊന്നും പരിഹാരം കാണാത്ത ദേവസ്വം ബോർഡ് ലക്ഷങ്ങൾ മുടക്കി നടത്താൻ നിശ്ചയിച്ച അനാവശ്യ നിർമാണങ്ങൾ ധൂർത്തിനും അഴിമതിക്കും സാഹചര്യം ഒരുക്കാനാണ്. ക്ഷേത്രത്തിന് ചുറ്റുമായി നാലു വശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലുള്ള റോഡിന്‍റെ നിർമാണത്തിനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്ത ദേവസ്വം ബോർഡ് ആണ് അനാവശ്യ നിർമാണത്തിന് മുതിരുന്നത്.

കല്യാണമണ്ഡപത്തിൽ നിന്ന് 10 മീറ്റർ പടിഞ്ഞാറോട്ട് മാറി യാതൊരു നിർമിതികളും പാടില്ല എന്ന 2015ലെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ നടത്തുന്ന നിർമിതികൾ ദേവഹിതത്തിന് വിരുദ്ധവും, കോടതി ഉത്തരവിന്‍റെ ലംഘനവും ആണ്.

ഉത്സവ ദിവസങ്ങളിൽ ഒമ്പതാനകളെ വരെ ഒരേ സമയം എഴുന്നള്ളിക്കുന്നതും, കൂടാതെ ഉത്സവത്തിന്‍റെ പ്രധാന ചടങ്ങുകളായ വേലകളി, സേവ എന്നിവ നടക്കുന്നതും പ്രസ്‌തുത സ്ഥലത്താണ്. ഇവിടത്തെ നിർമിതികൾ അപകടകരവും ഭക്തജനങ്ങൾക്ക് തികച്ചും അസൗകര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ്. പുതിയതായി വരുന്ന അശാസ്ത്രീയ നിർമിതി കൃഷ്‌ണൻകോവിലിനെ മറയ്ക്കുകയും പുറത്തുനിന്ന് ഗണപതി ഭഗവാനെ വന്ദിക്കുന്നതിന് തടസ്സമാവുകയും ചെയ്യും.

നിർമാണ അനുവദിക്കായി മുനിസിപ്പാലിറ്റിയിൽ ദേവസ്വം നൽകിയിട്ടുള്ള കെട്ടിട നിർമാണ അനുമതി അപേക്ഷയോടൊപ്പം കെട്ടിടത്തിന്‍റെ അളവ് രേഖപ്പെടുത്തി സമർപ്പിച്ചിട്ടില്ല, മറ്റ് അനുമതികളും നൽകിയിട്ടില്ല. സാനിറ്റേഷൻ ഫെസിലിറ്റി, യൂറിനൽ, വാഷ്ബേസിൻ എന്നിവ ഉണ്ടായിരിക്കണം എന്ന വ്യവസ്ഥ സാധാരണ നിർമാണങ്ങളിൽ പാലിക്കണം എന്നിരിക്കെ പിൽഗ്രിം സെന്‍ററിൽ ശൗചാലയവും മൂത്രപ്പുരയും സ്ഥാപിക്കുന്നത് ക്ഷേത്രത്ത അശുദ്ധമാക്കുകയും ചൈതന്യ ലോപം സംഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും.

നാമജപം, ഭജന മുതലായവ ഒഴിച്ച് പുറത്തുവച്ച് മറ്റുപാധികളോ ഫോട്ടോകളോ വെച്ചുള്ള ആരാധനകൾ നടത്താൻ പാടില്ലാത്തതാണെന്ന് ദേവപ്രശ്‌നവിധിയുടെ ചാർത്തിൽ 68 -ാമത് നമ്പരായി ചേർത്തിരിക്കുന്നു. ആനപ്പുറത്ത് ഭഗവാന്‍റെ എഴുന്നള്ളത്ത് കല്യാണ മണ്ഡപത്തിലാണ് നടക്കുന്നത് എന്നതിനാൽ നിർമാണം പൂർത്തീകരിക്കപ്പെട്ടാൽ മണ്ഡപത്തിന് വലം വെക്കാൻ എഴുന്നള്ളത്തിന് സാധ്യമല്ലാതെ വന്നാൽ അനുഷ്ടാനവും, ആചാരവും മുടങ്ങും.

പത്ര സമ്മേളനത്തിൽ ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.എസ്. ബിജു, ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്‍റ് പി. രാജഗോപാൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റ് കെ.പി. സഹദേവൻ, വിശ്വ ഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി സി. മോഹൻ ചന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വി.എൻ. സോമൻ, ആറാട്ട് എതിരേൽപ് സമിതി പ്രസിഡന്‍റ് ശ്രീജിത്ത്കൃഷ്‌ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ?

ദമ്പതികളുടെ ശരീരത്തിൽ ആസിഡൊഴിച്ച കേസ്; പ്രതി പിടിയിൽ

ഹെൽമറ്റ് വലിച്ചെറിഞ്ഞ് വിജയാഘോഷം; സഞ്ജുവിന് പണി കിട്ടുമോ?

5 വർഷക്കാലത്തെ വേദന അവസാനിച്ചു; ഉഷ ആശുപത്രി വിട്ടു

യുദ്ധഭീതിക്കിടെ ഇറാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി