കൊച്ചി മെട്രൊ ആലുവയിൽ നിന്ന് അങ്കമാലിക്കു നീട്ടാൻ നാല് മാർഗങ്ങൾ പരിഗണനയിൽ.

 

MV Graphics

Local

കൊച്ചി മെട്രൊ അങ്കമാലിയിൽ എത്തിക്കാൻ വഴികൾ നാല്

കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടമായ ആലുവ - അങ്കമാലി പാതയുടെ ആസൂത്രണം അവസാന ഘട്ടത്തിലേക്ക്; 15 സ്റ്റേഷനുകളുമായി 30 കിലോമീറ്റർ പാതയുടെ ഡിപിആർ ഉടൻ.

Kochi Bureau

കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വിപുലീകരണമായ ആലുവ - അങ്കമാലി പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) അവസാന ഘട്ടത്തിലേക്ക് കടന്നു. 30 കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ പദ്ധതിക്കായി നാല് അലൈൻമെന്റുകളാണ് കൺസൾട്ടന്റായ സിസ്ട്ര എം.വി.എ സമർപ്പിച്ചിരിക്കുന്നത്. ആലുവ മുതൽ കരിയാട് വരെ എലവേറ്റഡ് പാതയും, അവിടെ നിന്ന് വിമാനത്താവളത്തിനുള്ളിലൂടെ ഭൂഗർഭ പാതയും ഉൾപ്പെടുന്ന രീതിക്കാണ് മുൻഗണന. തോട്ടയ്ക്കാട്ടുകര, നെടുമ്പാശ്ശേരി, അത്താണി, എയർപോർട്ട് ഉൾപ്പെടെ 15 സ്റ്റേഷനുകൾ പദ്ധതിയിലുണ്ട്. വിമാനത്താവളത്തിന് പുറമെ അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ടെൽക് (TELK) എന്നിവയെ ബന്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. വിമാനത്താവളത്തെ മെട്രോയുമായി ബന്ധിപ്പിക്കുന്നത് വഴി കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പരിശോധിച്ച ശേഷം അന്തിമ റൂട്ട് അധികൃതർ പ്രഖ്യാപിക്കും.

കൊച്ചി: ആലുവയിൽ നിന്ന് അങ്കമാലിയിലേക്കുള്ള കൊച്ചി മെട്രൊയുടെ മൂന്നാം ഘട്ട വിപുലീകരണത്തിന് വഴിതെളിയുന്നു. ഏകദേശം 30 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയ്ക്കായി കൺസൾട്ടന്‍റായ സിസ്ട്ര എംവിഎ (Systra MVA) നാല് അലൈൻമെന്‍റുകളാണ് സമർപ്പിച്ചിരിക്കുന്നത്.

ഇതിൽ വിമാനത്താവളത്തെ നേരിട്ട് ബന്ധിപ്പിക്കുന്ന 'ഹൈബ്രിഡ്' മാതൃകയ്ക്കാണ് മെട്രൊ അധികൃതർ മുൻഗണന നൽകുന്നത്.

നിർദിഷ്ട റൂട്ടുകൾ:

  1. ഹൈബ്രിഡ് പാത (മുൻഗണനയിലുള്ളത്): ആലുവയിൽ നിന്ന് ദേശീയപാത 544-ലൂടെ കാര്യത്തുവരെ തൂണുകളിൽ നിർമിച്ച പാത (Elevated). അവിടെ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം ഭൂഗർഭ പാതയിലൂടെ (Underground) വിമാനത്താവളത്തിലേക്ക്. വിമാനത്താവളത്തിനുള്ളിൽ അണ്ടർഗ്രൗണ്ട് സ്റ്റേഷൻ നിർമിക്കും. അവിടെ നിന്ന് വീണ്ടും മുകളിലൂടെ നായത്തോട്, അരീക്കൽ വഴി അങ്കമാലി കരയാംപറമ്പിലേക്ക്.

  2. ദേശീയപാത വഴിമാത്രം: വിമാനത്താവളത്തിൽ പ്രവേശിക്കാതെ പൂർണമായും ദേശീയപാതയിലൂടെ അങ്കമാലിയിലേക്ക് പോകുന്ന രീതി. വിമാനത്താവളം ഒഴിവാകും എന്നതാണ് ഇതിന്‍റെ പ്രധാന പോരായ്മ.

  3. എലിവേറ്റഡ് എയർപോർട്ട് ലിങ്ക്: പൂർണമായും തൂണുകളിലൂടെ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പാത. സ്ഥലം ഏറ്റെടുക്കൽ വെല്ലുവിളിയാകും.

  4. അണ്ടർഗ്രൗണ്ട് എയർപോർട്ട് ലിങ്ക്: വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ പൂർണമായും ഭൂമിക്കടിയിലൂടെ പോകുന്ന പാത. ചെലവും സങ്കീർണതയും കൂടുതൽ.

പ്രധാന സ്റ്റേഷനുകൾ

പദ്ധതി പ്രകാരം 15 സ്റ്റേഷനുകളാണ് നിർദേശിച്ചിട്ടുള്ളത്:

  1. തോട്ടയ്ക്കാട്ടുകര

  2. കുന്നുംപുറം

  3. പറമ്പായം

  4. നെടുമ്പാശ്ശേരി

  5. അത്താണി

  6. കരിയാട്

  7. എയർപോർട്ട് റെയിൽവേ സ്റ്റേഷൻ

  8. എയർപോർട്ട് (അണ്ടർഗ്രൗണ്ട്)

  9. നായത്തോട്

  10. കവരപ്പറമ്പ്

  11. അരീക്കൽ ജംഗ്ഷൻ

  12. എൽഎഫ് ഹോസ്പിറ്റൽ

  13. അങ്കമാലി ടൗൺ

  14. കോതകുളങ്ങര

  15. കരയാംപറമ്പ്

ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം

വിമാനത്താവളത്തിൽനിന്നു തിരികെ ദേശീയപാതയ്ക്കു സമാന്തരമായി തന്നെ മെട്രൊ അങ്കമാലിയിലെത്തണം എന്ന അഭിപ്രായം ശക്തമാണ്. ഇത് ടെൽക് (TELK), അങ്കമാലി റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവയെ മെട്രൊയുമായി ബന്ധിപ്പിക്കാൻ സഹായിക്കുമെന്ന് അങ്കമാലി എംഎൽഎ റോജി എം. ജോണും മുനിസിപ്പൽ ചെയർപേഴ്സൺ റീത്ത പോളും ചൂണ്ടിക്കാട്ടി.

കേന്ദ്ര മെട്രൊ റെയിൽ നയപ്രകാരം ജനസംഖ്യാ മാനദണ്ഡങ്ങളിൽ ഇളവ് ലഭിക്കാൻ വിമാനത്താവളത്തെ ബന്ധിപ്പിക്കേണ്ടതും അനിവാര്യമാണ്.

സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ അലൈൻമെന്‍റ് നിശ്ചയിക്കുക. മെട്രൊ വിപുലീകരണം പൂർത്തിയാകുന്നതോടെ കൊച്ചിയുടെ വടക്കൻ മേഖലയിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം

കസ്റ്റഡിയിലെടുത്ത ഗുണ്ടാ നേതാവിന് ഫോൺ വിളിക്കാൻ സൗകര‍്യം ഒരുക്കി; പൊലീസുകാരന് സസ്പെൻഷൻ

തൂറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല