ഉന്നത വിദ്യാഭ്യാസ പുരസ്കാരം വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് കോതമംഗലം എംഎ കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. മിന്നു ജയിംസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു. 
Local

എംഎ കോളെജ് ഉന്നത വിദ്യാഭ്യാസ പുരസ്കാരം ഏറ്റുവാങ്ങി

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന പുരസ്കാരത്തിൽ എട്ടാം സ്ഥാനമാണ് എംഎ കോളെജ് നേടിയത്.

കോതമംഗലം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാഡമിക് മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (KIRF) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളെജായി 8-ാം സ്ഥാനം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് പുരസ്‌കാരം ഏറ്റുവാങ്ങി. എറണാകുളം സെന്‍റ് തെരേസാസ് കോളെജിൽ നടത്തിയ അവാർഡ് ദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിൽ നിന്ന് കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. മിന്നു ജെയിംസ് എന്നിവർ ചേർന്നാണ് പുരസ്‌കാരം സ്വീകരിച്ചത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയവും അന്തർദേശീയവുമായ റാങ്കിങ് മെച്ചപ്പെടുത്താനും, ഗുണ നിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുവാനും സഹായകമാകാൻ കേരള സർക്കാർ ആരംഭിച്ച സംവിധാനമാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്. അതുപോലെ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സമയത്ത് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനം കോളെജ് നേടിയിരുന്നു. ഇന്ത്യയിൽ ആകമാനമുള്ള കോളെജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളെജ് അന്ന് ഇടം നേടിയത്. 2021 മുതൽ തുടർച്ചയായി എൻ ഐ ആർ എഫ് റാങ്കിംഗിൽ യഥാക്രമം 86,56, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളെജിന് സാധിച്ചിരുന്നു.

മാർ അത്തനേഷ്യസ് കോളെജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ അനവധിയാണ്. 2002 ൽ നാക് ന്‍റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളെജ്, 2009 ൽ കോളെജ് വിത്ത്‌ പൊട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ A + ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളെജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്‍റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്‍റർനാഷണൽ ഗ്രീൻ കോളെജ് അവാർഡും മാർ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളെജിന് ഉണ്ട്. പലതുള്ളി അവാർഡ് (2007), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്ട്, വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് ( 2022 )മനോരമ ട്രോഫി (2019, 2021) എന്നിവ അക്കൂട്ടത്തിൽ പ്രധാനമാണ്. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിന്‍റേത്.

നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളെജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളെജിലെ പൂർവ്വ വിദ്യാർഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.

2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളെജിലെ വിദ്യാർഥിയായ ബിലിൻ ജോർജ്, എന്നിവരും മാർ അത്തനേഷ്യസ് കോളെജിന്‍റെ അഭിമാനമാണ്.

2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും,ഒരു ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഉൾപ്പെടെ 18 പിജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും ഇപ്പോൾ കോളെജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളെജിന് ലഭിച്ച സ്വയംഭരണ പദവി 2031- 2032 അദ്ധ്യയനവർഷം വരെ മഹാത്മാഗാന്ധി സർവ്വകലാശാല അനുവദിച്ചു.

നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച അധ്യാപക-അനധ്യാപകരെയും വിദ്യാർഥികളെയും കോളെജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു. അധ്യാപകരും അനധ്യാപകരും വിദ്യാർഥികളുമുൾപ്പെടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം എന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു