അശ്വിൻ ബാബു
തിരുവനന്തപുരം: ഉസ്‌ബെക്കിസ്ഥാനിലെ താഷെക്കന്‍റ് സേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പഠനത്തിനായി പോയ ആലപ്പുഴ കാവുങ്കല്‍ സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥി അശ്വിന്‍ ബാബു (24) ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞ് വീണ് തലയ്ക്കു പരുക്കേറ്റ് മരിച്ചു.
സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ആയിരുന്നു പെട്ടന്ന് കുഴഞ്ഞ് വീണത്. സഹപാഠികള്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണവിവരം അറിഞ്ഞ ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടു. അവിടെയുള്ള അശ്വിന്‍ ബാബുവിന്‍റെ സുഹൃത്തുക്കളേടും നാട്ടിലുള്ള ബന്ധുക്കളുമായി കെ.സി. വേണുഗോപാല്‍ ഫോണില്‍ ബന്ധപ്പെടുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യന്‍ എംബസിയുമായി വേണുഗോപാല്‍ ബന്ധപ്പെട്ടു. അശ്വിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണം ഒരുക്കാന്‍ എംബസിയോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാൽ, പരിമിതമായ സഹായം മാത്രമാണ് എംബസിയിൽ നിന്നു ലഭിച്ചത്. മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക സാഹായം നൽകാൻ എംബസി തയാറായില്ല.
തുടർന്ന് തെലുങ്കാനയിൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയോ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി അശ്വിന്‍റെ മൃതദേഹം ഡൽഹി വരെ എത്തിക്കാനുള്ള ചെലവ് വഹിക്കാൻ മുന്നോട്ട് വന്നു. അവരുടെ സഹായത്തോടെ മൃതദ്ദേഹം ഡല്‍ഹിയില്‍ എത്തിച്ചു.
ശേഷം ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും കെ.സി. വേണുഗോപാല്‍ എംപി വ്യക്തിപരമായി ഏർപ്പെടുത്തി. ചൊവ്വാഴ്ച്ച വൈകിട്ട 6.45 ഓടെ അശ്വിന്‍റെ മൃതദേഹം ഡല്‍ഹിയില്‍ നിന്ന് എയർ ഇന്ത്യ ഫ്ലൈറ്റിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു ബന്ധുക്കൾക്ക് കൈമാറി.