Representative image for drug abuse Image by Waewkidja on Freepik
Local

ലഹരി മാഫിയ കൊച്ചിയിൽ പിടിമുറുക്കുന്നു

ഒറ്റ വർഷം രജിസ്റ്റർ ചെയ്തത് 1,359 നർക്കോട്ടിക് കേസുകൾ

കൊച്ചി: നഗരത്തിൽ നാർക്കോട്ടിക് കേസുകളുടെ എണ്ണം ഭീമമായി വർധിക്കുമ്പോഴും ലഹരിക്കടത്ത് തടയാനോ ലഹരി മാഫിയയെ നിയന്ത്രിക്കാനോ കഴിയാതെ നിസ്സഹായരാണ് പൊലീസും എക്സൈസും. ലഹരി ഇടപാട് നടക്കുന്ന കേന്ദ്രങ്ങളും ലഹരികടത്തുകാരെയുമൊക്കെ പൊലീസിന് നന്നായി അറിയാമെങ്കിലും ഇവരുടെ ഉന്നത പിടിപാടും സ്വാധീനവും ഭയന്ന് ഉദ്യോഗസ്‌ഥർക്ക്‌ നിർഭയമായി നടപടിയെടുക്കാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വർഷം 1359 ലഹരി മരുന്ന് കേസുകളാണ് കൊച്ചിയിൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. എംഡിഎംഎ കേസുകൾ നഗരത്തിൽ വർധിച്ചു വരുന്നതായാണ് കണക്കുകൾ തെളിയിക്കുന്നത്. എംഡിഎംഎ യും കഞ്ചാവും വലിയ അളവിൽ പിടികൂടുന്നത് സ്‌ഥിതി ആശങ്കാജനകമാണെന്നതിന്‍റെ സൂചനയാണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ പോലും സമ്മതിക്കുന്നു.

1359 എൻ ഡി പി എസ് കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തപ്പോൾ 1551 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 326.53 കിലോ കഞ്ചാവ്, 283.66 ഗ്രാം ഹാഷിഷ് ഓയിൽ, 1,959 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. മുൻ വർഷങ്ങളേക്കാൾ കൂടുതൽ കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്യപ്പെട്ടത്. ലഹരി കേസിൽ പെൺകുട്ടികളുടെ സാന്നിധ്യം വർധിച്ചു വരുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ചങ്ങനാശ്ശേരി സ്വദേശിനിയായ സൂസി മോൾ (24), കായംകുളം സ്വദേശിനി ശില്പ (24), ധർമടം സ്വദേശി മൃദുല (38), കൊല്ലം സ്വദേശിനി ബ്ലസി (21), കുന്നത്തുനാട് സ്വദേശിനി സ്വാതി (28) തുടങ്ങി അടുത്തിടെ ലഹരികേസിൽ പിടിയിലായ പെൺകുട്ടികളെല്ലാം ഇപ്പോൾ ജയിലിലാണ്. ആൺ - പെൺ കേസുകൾ തരം തിരിച്ച് രജിസ്റ്റർ ചെയ്യാറില്ലെങ്കിലും 18 നും 28 നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾ ലഹരി കേസുകളിൽ ഉൾപ്പെടുന്നത് വർധിച്ചു വരുന്നതായി പൊലീസ് -എക്സൈസ് ഉദ്യോഗസ്‌ഥരും സമ്മതിക്കുന്നു.

എൻ ഡി പി എസ് ആക്റ്റ് അനുസരിച്ച് 928 കേസുകളാണ് കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. 2022 ൽ 876 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കോട്പ ആക്റ്റ് അനുസരിച്ച് 9201 കേസുകളും അബ്കാരി ആക്റ്റ് അനുസരിച്ച് 1277 കേസുകളുമാണ് കഴിഞ്ഞ വർഷം കൊച്ചിയിൽ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത്. തൊട്ടു മുൻ വർഷം ഇത് 1180, 8859 എന്നിങ്ങനെയായിരുന്നു.

ആൺ സുഹൃത്ത്, സഹപാഠി, റൂം മേറ്റ്, ഹോസ്റ്റൽ മേറ്റ് എന്നിവർ നൽകുന്ന ലഹരി ഉപയോഗിച്ച് തുടങ്ങുന്ന പെൺകുട്ടികളാണ് പിന്നീട് കരിയർമാരായി മാറുന്നത്. പഠനത്തിനും മറ്റുമായി കൊച്ചിയിലെത്തുന്ന പെൺകുട്ടികളെയാണ് ലഹരി സംഘം വലവീശുന്നത്. ന്യൂ ജെൻ ലൈഫ് സ്റ്റയിലിന്‍റെ ഭാഗമായി ലഹരിമുപയോഗിക്കുന്ന പെൺകുട്ടികളും കുറവല്ല.അതിഥി തൊഴിലാളികൾക്കിടയിൽ ബ്രൗൺ ഷുഗർ, ഹെറോയിൻ ഉപയോഗവും വ്യാപകമാണ്. ഒഡീഷ, ആന്ധ്ര, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ കഞ്ചാവും കൊച്ചിയിലേക്ക് കടത്തുന്നുണ്ട്.

സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരം നൽകാനാവില്ലെന്ന് കപ്പൽ കമ്പനി

പൊതുവിടങ്ങളിൽ നിന്നും സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പരിഷ്കരണമല്ല, സമയമാണ് പ്രശ്നം: ബിഹാർ വോട്ടർ പട്ടികയിൽ സുപ്രീം കോടതി

വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി