ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർറോളിങ് ട്രോഫി അനാച്ഛാദനം ചെയ്തു
കോട്ടയം: ശ്രീ ചിത്തിര കേരളാ സ്‌റ്റേറ്റ് റാങ്കിങ് പുരുഷ ഡബിൾസ് ടെന്നീസ് ടൂർണമെന്‍റ് വിജയികൾക്കുള്ള ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫി, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ചെയർമാൻ ചാണ്ടി ഉമ്മൻ എംഎൽഎ അനാച്ഛാദനം ചെയ്തു. വിവേക് ഗോപൻ രൂപകൽപന ചെയ്ത ട്രോഫി ശനിയാഴ്ച കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ടെന്നീസ് അസോസിയേഷന് കൈമാറി.
2015 ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സമയം കേരളം ആതിഥേയത്വം വഹിച്ച 35-ാമത് ദേശീയ ഗെയിംസിനോടനുബന്ധിച്ച് ട്രിവാൻഡ്രം ടെന്നീസ് ക്ലബിൽ പരിശീലനത്തിനായി 3 ടെന്നീസ് കോർട്ടുകളും കുമാരപുരം ടെന്നീസ് കോംപ്ലക്‌സിൽ 4 ടെന്നീസ് കോർട്ടുകളും നിർമിച്ചിരുന്നു. ട്രിവാൻഡ്രം ടെന്നീസ് കോർട്ടിൽ പരിശീലനം നടത്തിയതിന് ശേഷം കുമാരപുരം ടെന്നീസ് കോംപ്ലക്‌സിൽ വെച്ച് നടത്തപ്പെട്ട ടെന്നീസ് മത്സരത്തിലാണ് നാഷണൽ ഗെയിംസിൽ കേരളം ആദ്യമായി വെങ്കല മെഡൽ നേടിയത്. അതിനാൽ ടെന്നീസിന് അദ്ദേഹം നൽകിയ സംഭാവനകളുടെ സ്മരണകൾ നിലനിർത്തുന്നതിനുവേണ്ടിയാണ് ഉമ്മൻ ചാണ്ടി മെമ്മോറിയൽ എവർ റോളിങ് ട്രോഫി ശ്രീ ചിത്തിര കേരള സ്‌റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂർണമെന്‍റിന് നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു.
ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ, മന്ന ചാരിറ്റബിൾ ട്രസ്‌റ്റ് ട്രസ്‌റ്റി മറിയാമ്മ ഉമ്മൻ, മാനേജിങ് ട്രസ്‌റ്റി ഡോ. മറിയ ഉമ്മൻ, കേരള ടെന്നീസ് അസോസിയേഷൻ പ്രസിഡന്‍റ് എമിറൈറ്റ്സ് ജേക്കബ് കള്ളിവയലിൽ, പ്രസ് ക്ലബ് പ്രസിഡന്‍റ് അനീഷ് കുര്യൻ, ട്രിവാൻട്രം ജില്ലാ ടെന്നീസ് അസോസിയേഷൻ പ്രസിഡന്‍റ് എസ്.എൻ. രഘുചന്ദ്രൻ, ഉമ്മൻ ചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ ഉമ്മൻ റിച്ചി തുടങ്ങിയവർ പങ്കെടുത്തു.