15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 18 വർഷം കഠിന തടവും പിഴയും. ഷമീർ എന്ന ബോംബെ ഷമീറിനെയാണ് (37) തിരുവനന്തപുരം പ്രത്യേക അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. അതിജീവിതയ്ക്ക് പിഴത്തുകയായ 90,000 രൂപയും നൽകണം.
തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഹോദരിക്ക് ഒപ്പം എത്തിയ 15 വയസുകാരിയായ പെൺകുട്ടിയെ 2023 ഫെബ്രുവരി 24ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാത്രിയിൽ പുറത്തിറങ്ങിയ കുട്ടിയുടെ ഫോൺ പ്രതി പിടിച്ചു വാങ്ങുകയും, കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയും ചെയ്തു.
പിന്നീട് ഓട്ടോ റിക്ഷയിൽ പിടിച്ചു കയറ്റിയ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി ശബ്ദം കേട്ട് എത്തിയ ബൈക്ക് യാത്രികനെ കണ്ടതോടെ പ്രതി കുട്ടിയെ ഓട്ടോയിൽ നിന്ന് തമ്പാനൂരിൽ ഇറക്കിവിടുകയായിരുന്നു.