ആലുവ പുഴയിൽ നിന്നും മണൽ കോരിയെടുക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ
അശ്വിൻ എ.എം
ആലുവ: പെരിയാറിൽ മണൽ മാഫിയ വീണ്ടും സജീവമാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന സംഘമാണ് വൻ തോതിൽ മണൽ കടത്തുന്നത്. രാത്രി ഏറെ വൈകിയ ശേഷം വഞ്ചികളിലെത്തി മണൽ കോരുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
സെപ്റ്റംബർ 5ന് രാത്രി 12ന് ശേഷം എട്ടംഗ സംഘം പലതവണയായി മണൽ വാരികൊണ്ടു പോകുന്നതായി കണ്ടതായി നാട്ടുകാർ ആരോപിക്കുന്നു. രണ്ട് വഞ്ചികളിലായാണ് ഒരു കൂട്ടം ആളുകൾ എത്തിയത്. ഒരു വഞ്ചിയിൽ മുതിർന്നവരും മറ്റൊരു വഞ്ചിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുമാണുണ്ടായിരുന്നത്.
ഇവർ പ്രത‍്യേക ഉപകരണങ്ങൾ ഉപയോഗിച്ച് മണൽ കോരിയെടുക്കുകയായിരുന്നു. രാത്രികാലങ്ങളിൽ പെരിയാറിന്‍റെ തീരത്ത് പൊലീസ് പട്രോളിങ് ശക്തമല്ലാത്തതാണ് ഇത്തരം മണൽ മാഫിയകൾ വീണ്ടും സജീവമാകുന്നതിന് കാരണം. ആർക്ക് വേണ്ടിയാണ് ഇവർ മണൽ വാരി കടത്തികൊണ്ടു പോകുന്നതെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.
നേരത്തെയും ആലുവ മണപ്പുറത്ത് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ആലുവയിൽ നിന്നും വാരിയെടുക്കുന്ന മണൽ കൊല്ലത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
'ആലുവ ഗോൾഡ്' എന്നറിയപ്പെടുന്ന പെരിയാറിലെ മണലിന് പൊന്നും വിലയാണ്. അനധികൃതമായ മണലൂറ്റ് നദിയുടെ സ്വാഭാവിക ഒഴുക്കിനെയാണ് തടസപ്പെടുത്തുന്നത്. ആലുവ പുഴയിലെ മണ്ണിന് പൊതുവെ ചെളിയും ഉപ്പും കുറവായതിനാലാണ് ആവശ‍്യക്കാർ ഏറുന്നത്.
മണൽകോരുന്നത് മൂലം മണൽത്തിട്ടകൾ ഇടിയുകയും തീരത്തിന്‍റെ വിസ്തൃതി വർഷങ്ങൾ കൊണ്ട് വലിയ തോതിൽ കുറയുകയും ചെയ്യുന്നു. ഒരേ സ്ഥലങ്ങളിൽ നിന്നും നിരന്തരമായി മണൽ കോരുന്നത് കൊണ്ട് പുഴയുടെ അടിത്തട്ടിൽ ആഴമുള്ള കയങ്ങൾ രൂപപ്പെടും.
നിയമവശം
2001-ലെ കേരള നദീതീര സംരക്ഷണ- മണൽ വാരൽ നിയന്ത്രണ നിയമപ്രകാരം നദികളുടെ സ്വാഭാവിക ഒഴുക്കിനെയും പരിസ്ഥിതിയെയും ദോഷമായി ബാധിക്കുന്ന രീതിയിൽ മണൽ വാരുന്നതിന് പൂർണമായും നിരോധനമുണ്ട്. അനധികൃതമായി മണൽ വാരുന്നത് ജാമ‍്യമില്ലാ കുറ്റമാണ്. 2 വർഷം വരെ തടവുശിക്ഷയോ 25,000 രൂപ വരെ പിഴയോ ലഭിക്കും. കുറ്റകൃത‍്യം തുടരുകയാണെങ്കിൽ അധിക പിഴയും ലഭിക്കും.
മണലൂറ്റുന്നതിന് ഉപയോഗിക്കുന്ന വഞ്ചികൾ, ബോട്ടുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ എന്നിവ റവന‍്യു-പൊലീസ് ഉദ‍്യോഗസ്ഥർക്ക് കണ്ടുകെട്ടാൻ നിയമപരമായ അധികാരമുണ്ട്.