വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു
തിരുവനന്തപുരം: നരുവാമൂടിൽ വിദ്യാർഥിനി വീടിനുളളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷിന്‍റെയും ദിവ്യയുടെയും മകൾ മഹിമ സുരേഷാണ് (19) മരിച്ചത്. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു. കോളെജിലെ മാഗസിൻ എഡിറ്ററുമാണ് മഹിമ.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. മഹിമ മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ നിന്നു നിലവിളിയും പുകയും ഉയരുന്നതു കണ്ട നാട്ടുകാർ വീട്ടിലേക്ക് ഓടിച്ചെന്നെങ്കിലും വീടിന്‍റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പിൻവാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍തന്നെ മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ നരുവാമൂട് പൊലീസ് കേസെടുത്തു.