ബസ് ഫീസ് അടയ്ക്കാൻ വൈകി; വിദ്യാർഥിയെ വഴിയരികിൽ ഇറക്കിവിട്ടു
file image
മലപ്പുറം: ചേലമ്പ്രയിൽ സ്കൂൾ ബസ് ഫീസ് അടയ്ക്കാൻ വൈകിയതിന് വിദ്യാർഥിയെ വഴിയരികിൽ ഇറക്കിവിട്ടു. ചേലമ്പ്ര എഎൽപി സ്കൂളിലെ യുകെജി വിദ്യാർഥിയെയാണ് ഫീസ് അടയ്ക്കാത്തതിൽ പ്രധാനാധ്യാപികയുടെ നിർദേശപ്രകാരം സ്കൂൾ ബസിൽ നിന്ന് ഇറക്കിവിട്ടത്.
കുട്ടിയുടെ രക്ഷിതാക്കളെ പോലും വിവരമറിയിക്കാതെയാണ് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് സ്കൂൾ ബസ് പോയത്. കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്കൂൾ ബസ് ഫീസായ 1000 രൂപ അടയ്ക്കാൻ വൈകിയതാണ് കുട്ടിക്കെതിരേ ഇത്തരത്തിൽ നടപടിയെടുത്തത്.
ഇതിനെതിരേ വിദ്യഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനിലും പൊലീസിലും കുടുംബം പരാതി നൽകി. സ്കൂൾ അധികൃതരും പിടിഎയും കുട്ടിയുടെ വീട്ടിലെത്തി മാപ്പപേക്ഷിക്കുകയും ചെയ്തു. കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് കാരണം ഇനി ഈ സ്കൂളിലേക്ക് വിടേണ്ടന്നാണ് കുടുംബത്തിന്‍റെ തീരുമാനം.