തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിനുള്ള അമിട്ടുകൾ തയ്യാറാക്കുന്നു.
തൃശൂർ പൂരം സാംപിൾ വെടിക്കെട്ടിനുള്ള അമിട്ടുകൾ തയ്യാറാക്കുന്നു. K.K.Najeeb
Local

പൂരം സാംപിൾ വെടിക്കെട്ടിന് പ്രേമലു, ഗുണ കേവ്, ഗഗൻയാൻ അമിട്ടുകൾ

തൃശൂർ: കരിമരുന്നു കലയിലെ പുതു പരീക്ഷണങ്ങൾ ആകാശത്തു വിരിയുന്ന പൂരം സാംപിൾ വെടിക്കെട്ടിനായി നഗരം ഒരുങ്ങി. ബുധനാഴ്ച രാത്രി നടക്കുന്ന സാമ്പിൾ വെടിക്കെട്ടിനായി അവസാനവട്ട ഒരുക്കങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തു പുരോഗമിക്കുകയാണ്. വെടിക്കെട്ട് നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രത്യേക ഉദ്യോഗസ്ഥ സംഘം ക്ഷേത്ര മൈതാനിയിലെ വെടിക്കെട്ടു ശാലകൾ ഉൾപ്പെടെ പരിശോധിച്ചു. ഉദ്യോഗസ്ഥരുടെ പരിശോധന ബുധനാഴ്ചയും ഉണ്ടാകും.

അപ്രതീക്ഷിതമായി മഴ പെയ്താൽ വെടിക്കോപ്പുകൾ സംരക്ഷിക്കാനുള്ള ക്രമീകരണങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. പഴയ നിലയമിട്ടുകൾ മുതൽ ബഹുവർണ അമിട്ടുകൾ, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിലുണ്ടാകും. രാത്രി 7.30ന് തിരുവമ്പാടി വിഭാഗം ആകാശപ്പൂരത്തിന് ആദ്യം തിരി കൊളുത്തും. തുടർന്ന് പാറമേക്കാവ് വിഭാഗത്തിന്‍റെ സാംപിൾ അരങ്ങേറും. ആദ്യ 20 മിനിറ്റിനുള്ളിൽ ഇരുവിഭാഗത്തിന്‍റേയും കുട്ടപ്പൊരിച്ചിൽ നടക്കും. പിന്നെ വർണ അമിട്ടുകളുടെ ആഘോഷം വാനിൽ വിരിയും.

ആകാശത്ത് ഹൃദയത്തിന്‍റെ ആകൃതിയിൽ വിരിയുന്ന 'പ്രേമലു' സ്പെഷൽ അമിട്ടാണ് ഇത്തവണത്തെ പൂരപ്രേമികളെ ഹരം കൊള്ളിക്കും. ആകാശത്തു പൊട്ടിവിരിഞ്ഞ ശേഷം താഴേക്ക് ഊർന്നിറങ്ങുന്ന 'ഗുണ കേവും' സ്പെഷൽ അമിട്ടിലുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ദൗത്യമായ 'ഗഗൻയാന്‍റെ' പേരിലുള്ള അമിട്ടുകളും ഇത്തവണത്തെ പ്രത്യേകതയാണ്.

പാറമേക്കാവിനു രാത്രി 7 മുതൽ 9 വരെയും തിരുവമ്പാടിക്കു 7 മുതൽ 8.30 വരെയുമാണു സമയം അനുവദിച്ചിരിക്കുന്നത്. പൂരത്തിന്‍റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്രത്തിൽ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. ഇരുവിഭാഗത്തിനുമായി വെടിക്കെട്ട് നടത്തുന്നത് മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ്. കഴിഞ്ഞ തവണ തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് നടത്തിയത് സതീശായിരുന്നു.

സാംപിളിന്‍റെ ഭാഗമായി നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. പൊതുജനങ്ങൾക്കു സ്വരാജ് റൗണ്ടിൽ നിന്നു സാംപിൾ കാണാനുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴക്കവും അപകടകരവുമായ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ടു കാണുന്നതിന് അനുവാദമില്ല. സ്വരാജ് റൗണ്ടിന്‍റെ വിവിധ ഭാഗങ്ങളിൽ പെസോയും പൊലീസും അനുവദിച്ച സ്ഥലങ്ങളിൽ നിന്ന് വെടിക്കെട്ട് കാണാം. പൂരത്തിന്‍റെ പ്രധാന വെടിക്കെട്ടു 20ന് പുലർച്ചെ നടക്കും. പാറമേക്കാവിനു പുലർച്ചെ 3 മുതൽ 6 വരെയും തിരുവമ്പാടിക്കു 3 മുതൽ 5 വരെയുമാണ് സമയം. പകൽപ്പൂരത്തിന്‍റെ ഭാഗമായുള്ള വെടിക്കെട്ട് 21ന് ഉച്ചയ്ക്കു നടക്കും. പാറമേക്കാവിനു രാവിലെ 11.30 മുതൽ 2 വരെയും തിരുവമ്പാടിക്കു ഉച്ചയ്ക്കു 12.30 മുതൽ 1.30 വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.

നഗരത്തിൽ ഗതാഗത നിയന്ത്രണം

സാപിൾ വെടിക്കെട്ട് അരങ്ങേറുന്നതിനാൽ നഗരത്തിൽ ബുധനാഴ്ച വൈകിട്ട് നാലു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സ്വരാജ് റൗണ്ടിൽ ഇരുചക്ര വാഹനങ്ങളടക്കം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. റോഡരികിൽ പാർക്ക് ചെയ്ത് മറ്റ് വാഹനങ്ങൾക്ക് പോകാൻ തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കെതിരേ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ട്രാഫിക് എസ്എച്ച്ഒ അറിയിച്ചു.

നാലിടത്ത് കനത്ത മത്സരം നേരിട്ടു, അവസാന നിമിഷത്തിലെ പുനഃസംഘടന ദോഷം ചെയ്തു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി

ഡൽഹി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച അരവിന്ദ് സിങ് ലവ്ലി വീണ്ടും ബിജെപിയിൽ ചേർന്നു

പാലായിൽ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

ദിവസേന 40 ടെസ്റ്റുകള്‍, 15 വർഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ കൂടുതൽ സമയം: പുതിയ ഉത്തരവിറക്കി ഗതാഗതവകുപ്പ്

ലൈംഗികാതിക്രമം: പ്രജ്വലിനും രേവണ്ണയ്‌ക്കുമെതിരേ വീണ്ടും ലുക്കൗട്ട് നോട്ടീസ്