മാറുന്ന തൃത്താല; ഊർജമായി കിഫ്ബി
വികസന വഴിയിലൂടെയുള്ള മുന്നേറ്റമാണ് ഇപ്പോൾ തൃത്താല നിയമസഭാ മണ്ഡലത്തിന്‍റെ മുഖമുദ്ര. സംസ്ഥാനത്താകെ നവീകരിക്കുന്ന 20 പ്രധാന ജംക്ഷനുകളിൽ തൃത്താലയിലെ കൂറ്റനാടും ഉൾപ്പെടുന്നുണ്ട്. കൂറ്റനാട് ജംഗ്ഷനിൽ എത്തിച്ചേരുന്ന നാല് പ്രധാന റോഡുകളുടെ നവീകരണമാണ് ഇതിൽ പ്രധാനം.
സ്ഥലം എംഎൽഎ കൂടിയായ തദ്ദേശ സ്വയംഭരണം - എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്‍റെ ആഭിമുഖ്യത്തിലാണ് തൃത്താലയിലെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂറ്റനാട് ജംഗ്ഷൻ വികസനം അടക്കമുള്ള പദ്ധതികൾ കിഫ്ബി വഴിയാണ് നടപ്പാക്കുന്നത്. കുറ്റിപ്പുറം - കുമ്പിടി - തൃത്താല - പട്ടാമ്പി റോഡ് പുനർനിർമിക്കുന്ന പദ്ധതിക്ക് കിഫ്ബി ഫണ്ടിൽ നിന്ന് 128 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്ഡലത്തിലെ കായിക മേഖലയിൽ നിർണായകമാണ് കിഫ്ബിയുടെ സഹായത്തോടെ സ്ഥാപിക്കുന്ന സിന്തറ്റിക് സ്പോർട്സ് ഫ്ളോറിങ്.
ഇതുകൂടാതെ, വിദ്യാഭ്യാസ മേഖലയിലാണ് മറ്റു പ്രധാന വികസന പ്രവർത്തനങ്ങൾ നടത്തുവരുന്നത്. ഇക്കൂട്ടത്തിൽ, 3.90 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ആനക്കര ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരളം കര്‍മപദ്ധതി-വിദ്യാകിരണം മിഷന്‍റെ ഭാഗമായി നിര്‍മാണം പൂര്‍ത്തീകരിച്ച തൃത്താല നിയോജകമണ്ഡലത്തിലെ ആദ്യ കെട്ടിടമാണിത്.
തൃത്താല മണ്ഡലത്തില്‍ ഒന്‍പത് വിദ്യാലയങ്ങളിലാണ് കിഫ്ബി ഫണ്ടില്‍ പുതിയ കെട്ടിടങ്ങള്‍ നിർമിക്കുന്നത്. അതില്‍ ആനക്കര ഗവ. ഹയര്‍സെക്കൻഡറി വിദ്യാലയമുള്‍പ്പെടെ ആറ് വിദ്യാലയങ്ങള്‍ക്കാണ് 3.90 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ചാത്തന്നൂർ, ചാലിശേരി സ്കൂളുകൾ, വട്ടനാട് ജിഎൽപിഎസ്, വട്ടനാട് ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.