വൈറ്റില ജംക്ഷൻ.

 

MV

Local

വൈറ്റിലയിലെ കുരുക്കഴിയാൻ വേണ്ടത് രണ്ടര മാസം | Video

റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഒന്നരക്കോടി രൂപ പദ്ധതിയിലൂടെ വൈറ്റില ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് 60 ശതമാനം വരെ കുറയ്ക്കുകയാണ് ലക്ഷ്യം

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ജംക്‌ഷനുകളിൽ ഒന്നായ വൈറ്റിലയിലെ കടുത്ത ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ വമ്പൻ നവീകരണ പദ്ധതി വരുന്നു. റോഡ് സേഫ്റ്റി അഥോറിറ്റി പിഡബ്ല്യുഡിക്ക് (എൻഎച്ച് വിഭാഗം) അനുവദിച്ച ഒന്നരക്കോടി രൂപ ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ ഉടൻ ആരംഭിക്കും. പദ്ധതി ജൂലൈ 30നകം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ കലക്റ്റർ ജി. പ്രിയങ്ക കർശന നിർദേശം നൽകി.

പുതിയ പദ്ധതി നടപ്പിലാകുന്നതോടെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിൽ 60 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി താഴെ പറയുന്ന സുപ്രധാന മാറ്റങ്ങളാണ് വരുത്തുന്നത്:

ഹെവി വാഹനങ്ങൾക്ക് പുതിയ റൂട്ട്: സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള കട്ടിങ്ങുകൾ ഒഴിവാക്കും. വൈറ്റില ദേശീയപാത മേൽപ്പാലത്തിന്‍റെ തൂണുകളോട് ചേർന്നുള്ള കോൺക്രീറ്റുകൾ ഭാഗികമായി നീക്കം ചെയ്യും. സഹോദരൻ അയ്യപ്പൻ റോഡിൽ നിന്ന് വരുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കണിയാമ്പുഴ റോഡിലൂടെ കൂടുതൽ ദൂരം സഞ്ചരിച്ച് ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും.

ചെറിയ വാഹനങ്ങൾക്ക് സിഗ്നൽ: കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേയിലൂടെ നേരിട്ട് കടത്തിവിടും. വലിയ വാഹനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെങ്കിലും ജംക്‌ഷനിലെ വലിയ സമയനഷ്ടം ഒഴിവാക്കാൻ സാധിക്കും.

പുതിയ റോഡ് നിർമിക്കും: വൈറ്റില ജംക്‌ഷനിൽ നിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലും 12.5 മീറ്റർ വീതിയിലുമുള്ള പുതിയ റോഡ് നിർമിക്കും.

നിർമാണ ജോലികൾ രാത്രി മാത്രം

നിർമാണ പ്രവർത്തനങ്ങൾ കാരണം പകൽ സമയങ്ങളിൽ നിലവിലെ ഗതാഗതം കൂടുതൽ വഷളാകാതിരിക്കാൻ മതിൽ പൊളിക്കുന്നതുൾപ്പെടെയുള്ള സിവിൽ ജോലികൾ പൂർണമായും രാത്രികാലങ്ങളിലായിരിക്കും നടത്തുക.

അവശിഷ്ടങ്ങൾ അപ്പപ്പോൾ ഗ്രീൻ സോണുകളിലേക്ക് മാറ്റി റോഡ് തടസമില്ലാതെ സൂക്ഷിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ട്.

ലക്ഷ്യം സിഗ്നൽ രഹിത വൈറ്റില

വൈറ്റില ജംക്‌ഷനെ ഭാവിയിൽ പൂർണമായും സിഗ്നൽ രഹിതമാക്കാനുള്ള സുപ്രധാന ചർച്ചകളും കലക്റ്ററുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉണ്ടായി.

മെട്രൊ മാൻ ഇ. ശ്രീധരൻ, പൊതുജന പ്രതിനിധി റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഇതിനായി പരിഗണനയിലുള്ളത്. ഇവ മൂന്നും ക്രോഡീകരിച്ച് വലിയ ചെലവില്ലാത്ത ഒരു പ്രായോഗിക പദ്ധതി തയാറാക്കാനാണ് അധികൃതരുടെ തീരുമാനം.

"അമ്മ കാന്‍റീനുകൾ നവീകരിച്ച് രുചിയുള്ള ഭക്ഷണം നൽകണം"; ഉത്തരവിട്ട് വിജയ്

മഴ ശക്തമാകുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 12 ജില്ലകളിൽ യെലോ അലർട്ട്

കുളിപ്പിക്കുന്നതിനിടെ ആനകൾ പരസ്പരം ആക്രമിച്ചു; ഇടയിൽ പെട്ട് യുവതി മരിച്ചു

അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ പ്രോ ടേം സ്പീക്കർ; പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

വിവാഹ ദിനത്തിൽ വരൻ ജീവനൊടുക്കി; അവസാനം സംസാരിച്ചത് പ്രതിശ്രുത വധുവിനോട്