മാറനല്ലൂർ: തൃശൂരിലെ ഒരു പഞ്ചായത്തിൽ ക്ഷേമപെൻഷൻ കിട്ടാത്ത 700 ഓളം പേർ. മസ്റ്ററിംഗ് നടത്തിയില്ലെന്ന കാരണത്താൽ മാറനല്ലൂർ പഞ്ചായത്തിലെ 5500 ഓളം ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ കിടപ്പുരോഗികൾ ഉൾപ്പെടെ 700 ഓളം പേർക്കാണ് നാലുമാസത്തെ പെൻഷൻ നഷ്ടമായത്. ഇനി ഇവർ അപേക്ഷ പുതുക്കി നൽകിയാലും ഈ നാലുമാസത്തേത് ഉൾപ്പെടെ പുതുക്കി കിട്ടുന്നത് വരെയുള്ള പെൻഷൻ തുകയും ലഭിക്കില്ല. ഐഎസ്ഓ അംഗീകാരമുള്ള പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽ മാത്രം 90 അധികം പേരാണ് ഇത്തവണ ക്ഷേമപെൻഷനിൽ നിന്നും പുറത്തായത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിനിധീകരിക്കുന്ന വാർഡിലാണ് ഈ 90ലധികം പേരുമുള്ളത് എന്നതാണ് വിചിത്രം. സർക്കാരിന്‍റെ വിവിധ ക്ഷേമപെൻഷനുകൾ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ വാർഡ് അംഗങ്ങൾ മുൻകൈ എടുക്കണമെന്ന് സർക്കാർ ഉത്തരവ് ഉള്ളപ്പോഴാണ് ഈ അനാസ്ഥ.ആശ്വാസമായി ലഭിക്കുന്ന ആനുകൂല്യം കൃത്യമായി ലഭിക്കാത്ത സാഹചര്യത്തിലാണ് മസ്റ്ററിംഗ് നടത്തിയില്ലെന്ന പേരിൽ നാലുമാസത്തെ തുക നഷ്ടമാകുന്നത്. നാലുമാസം കുടിശ്ശിക ഉള്ളപ്പോൾ ഒരുമാസത്തെ തുക അനുവദിച്ചു. ഇത് പലർക്കും ലഭിക്കാതെ വന്നതോടെയാണ് മസ്റ്ററിംഗ് നടത്താത്തതിനാലാണ് പെൻഷൻ തുക ലഭിക്കാത്തതെന്ന് ഇവർ മനസ്സിലാക്കിയത്. ഇതിൽ ഭൂരിഭാഗംപേരും തൊഴിലുറപ്പ് വേതനം മാത്രം കൈപ്പറ്റി ജീവിക്കുന്നവരാണ്.
പഞ്ചായത്ത് കരം അടച്ചില്ല എന്ന പേരിൽ മസ്റ്ററിംഗ് പുതുക്കി നൽകാൻ വിസമ്മതം അറിയിച്ച് പറഞ്ഞയച്ച ആളുകളും ഈ പട്ടികയിൽ പെടുന്നു. ഒരു പഞ്ചായത്തിൽ ആകെ ആയിരത്തിന് താഴെ ആളുകൾ മാത്രമല്ലേ പെൻഷകാർ കാണുകയുള്ളൂ എന്നാണ് സെക്രട്ടറിയുടെ സംശയം. അതേസമയം അക്ഷയകേന്ദ്രത്തിന്‍റെ പിഴവാണ് മസ്റ്ററിംഗ് നടക്കാത്തതിന് കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നു. തന്‍റെ വാർഡിൽ ആകെ അഞ്ചിൽ താഴെ പേർക്ക് മസ്റ്ററിംഗ് നടത്തിയിട്ടും പെൻഷന് പുറത്തായ ആളുകൾ ഉണ്ടെന്നും പ്രസിഡന്‍റ് പറയുന്നു.
ക്ഷേമപെൻഷന് അർഹത ഉളളവർ എത്ര, എങ്ങനെ വിതരണം ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ പഞ്ചായത്തധികൃതർക്ക് പോലും വ്യക്തതയില്ലെന്നതാണ് വസ്തുത. ഏതെങ്കിലും സാഹചര്യത്തിൽ കിടപ്പുരോഗികളായി ജീവിതം തള്ളിനീക്കുന്നവരുടെയും കാഴ്ചപരിമിതി, അംഗപരിമിതി ഉള്ളവരുടെയും വീടുകളിൽ കൃത്യമായി പഞ്ചായത്ത് ഇടപെട്ട് അക്ഷയകേന്ദ്രം അധികൃതരെ എത്തിച്ച് മസ്റ്ററിംഗ് നടത്തണമെന്നാണ് സർക്കാർ നിർദ്ദേശം. കൈരേഖ പതിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിലും അവർക്ക് ലൈവ് സർട്ടിഫിക്കറ്റ് ലഭ്യമാക്കി പെൻഷൻ ലഭ്യത ഉറപ്പ് വരുത്തണമെന്നുമാണ് ചട്ടം. എന്നാൽ ഈ നിർദേശം ഒന്നും മാറനല്ലൂർ പഞ്ചായത്തിന് ബാധകമല്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
മുപ്പതുവർഷമായി കിടപ്പുരോഗിയായി കഴിയുന്ന സരോജം, വാതരോഗങ്ങൾ പിടിപെട്ടിട്ടും തൊഴിലുറപ്പ് ജോലി ചെയ്തു ലഭിക്കുന്ന തുച്ഛമായ തുകയ്ക്ക് ആരെയും ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് കഴിയുന്ന അറുപത്തിയേഴുകാരൻ ജെ. ശശി എന്നിവർ പെൻഷൻ നഷ്ടപ്പെട്ടവരാണ്.അതേസമയം പെൻഷൻ തുക ലഭിക്കാത്ത ആളുകൾ പരാതി പുറത്തുപറഞ്ഞൽ തൊഴിലുറപ്പ് ജോലിയിൽ നിന്നും പുറത്താക്കുമെന്ന് ഭയന്ന് നിശ്ശബ്ദരാകുന്നു. പെൻഷൻ വിതരണം നടന്നു എന്ന് അറിഞ്ഞിട്ടും കിട്ടാത്ത ആളുകൾ ഇപ്പോൾ ദിനവും പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങുകയാണ്. മാറനല്ലൂർ പഞ്ചായത്ത് ഈ വിഷയത്തിൽ ഒരു ഉദാഹരണം മാത്രമാണ് എന്നതാണ് വസ്തുത.മാറനല്ലൂർ പഞ്ചായത്തിൽ ഊരൂട്ടമ്പലം സഹകരണസംഘം, കണ്ടല സഹകരണസംഘം, എസ്ബിഐ എന്നിവിടങ്ങളിലൂടെ ആണ് ക്ഷേമപെൻഷൻ വിതരണം. പഞ്ചായത്തിന്‍റെ അനാസ്ഥയിൽ ക്ഷേമ പെൻഷനിൽ നിന്നും പുറത്തായ ആളുകൾക്ക് മസ്റ്ററിംഗ് പുതുക്കാനും മുൻകാല പ്രാബല്യത്തോടെ പെൻഷൻ തുക ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.