രോഹിത് ആര്യ
മുംബൈ: സിനിമ ഒഡീഷനെത്തിയ 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ പ്രതിയെ മുംബൈ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെയാണ് പൊലീസും പ്രതിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മുംബൈയിലെ ആർഎ സ്റ്റുഡിയോയിൽ വ്യാഴാഴ്ച സിനിമ ഒഡീഷനെത്തിയ കുട്ടികളെയാണ് സ്ഥാപനത്തിലെ ജീവനക്കാരൻ രോഹിത് ആര്യ തടവിലാക്കിയത്.
തുടർന്ന് കുട്ടികളെ ബന്ദികളാക്കിയ വിവരം ഇയാൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കുകയായിരുന്നു. പുതിയതായി ചിത്രീകരിക്കുന്ന സിനിമയുടെ ഓഡിഷനെന്ന് തെറ്റിധരിപ്പിച്ച് പവായിലെ സ്റ്റുഡിയോയില്‍ കുട്ടികളെ ഇയാൾ എത്തിക്കുകയായിരുന്നു. 100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതില്‍ 20 കുട്ടികളെ നിര്‍ത്തി മറ്റെല്ലാവരെയും പറഞ്ഞുവിട്ടിരുന്നു.
യുവാവിന്‍റെ വീഡിയോ കണ്ട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഗ്ലാസുകള്‍ പൊട്ടിച്ച് അകത്തുകയറി കുട്ടികളെ രക്ഷപെടുത്തുകയായിരുന്നു. താൻ തീവ്രവാദിയല്ലെന്നും, പണത്തിനുള്ള ഡിമാന്‍റുമില്ല ചില ന്യായമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അതിന് അവസരമോരുക്കിയില്ലെങ്കില്‍ കുട്ടികളും താനും മരിക്കുമെന്നായിരുന്നു രോഹിത് പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത്.