അജിത് പവാർ
മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്‌കാരം വ്യാഴാഴ്ച ജന്മനാടായ ബാരാമതിയില്‍ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴു മണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിച്ചു.
ഇവിടെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക. പൂര്‍ണമായ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. അപകടത്തിന് പിന്നാലെ വ്യോമസേനയുടെ വിദഗ്ധ സംഘം ബാരാമതിയില്‍ എത്തി പരിശോധന നടത്തി.